
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ. ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ, യുദ്ധവിമാനങ്ങൾ സർവീസിന് സാധിക്കുന്ന പുതിയ വിമാനത്താവളം മിനിക്കോയ് ദ്വീപുകളിൽ നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധവിമാനങ്ങൾ, സൈനിക-ഗതാഗത വിമാനങ്ങൾ, വാണിജ്യ വിമാനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സംയുക്ത വിമാനത്താവളം നിർമിക്കാനാണ് പദ്ധതിയെന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മിനിക്കോയ് ദ്വീപുകളിൽ പുതിയ വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള നിർദേശം മുമ്പും സർക്കാരിന് മുന്നിലെത്തിയിരുന്നു. പ്രതിരോധ എയർഫീൽഡ് പദ്ധതി ഈ അടുത്ത കാലത്തായി വീണ്ടും പൊടി തട്ടിയെടുക്കുകയും ചർച്ചകൾ സജീവമാക്കുകയും ചെയ്തു. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്തുന്നതിനുള്ള സൈനിക താവളമായി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും നിർമാണം.
മിനിക്കോയ് ദ്വീപുകളിൽ എയർസ്ട്രിപ്പ് വേണമെന്ന് കോസ്റ്റ് ഗാർഡ് പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ നിർദേശം വെച്ചിരുന്നു. നിലവിലെ റിപ്പോർട്ട് അനുസരിച്ച്, മിനിക്കോയിയിൽ ഇന്ത്യൻ എയർഫോഴ്‌സിനായിരിക്കും വിമാനത്താവളത്തിന്റെ ചുമതല. മിനിക്കോയ് വിമാനത്താവളം പ്രതിരോധ സേനക്കും ടൂറിസം രംഗത്തിനും ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ. ദ്വീപിൽ നിലവിൽ അഗത്തിയിലെ ഒരു വിമാനത്താവളം മാത്രമാണുള്ളത്. നിലവിലുള്ള വിമാനത്താവളം വികസിപ്പിക്കാനും ആലോചനയുണ്ട്.
Read More... അടുക്കരുത്, ഒപ്പം നീന്തരുത്; ദ്വീപിനടുത്ത് കണ്ടെത്തിയത് കൊലയാളി തിമിംഗലത്തെ, ഫറസാനിൽ ജാഗ്രതാ നിര്‍ദേശം
ടാറ്റ ഗ്രൂപ്പിന്റെ രണ്ട് റിസോർട്ടുകൾ ലക്ഷദ്വീപിലെ സുഹേലി, കദ്മത്ത് ദ്വീപുകളിൽ 2026-ൽ തുറക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ, ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലക്ഷദ്വീപിൽ രണ്ട് താജ് ബ്രാൻഡഡ് റിസോർട്ടുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രോജക്ടുകൾ 2026 ൽ തുറക്കുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam