ഗിനിയിൽ തടവിലായ ഇന്ത്യക്കാരെ മാറ്റുന്നു; നൈജീരിയയിലേക്ക് കൊണ്ടുപോകാനെന്ന് സംശയിക്കുന്നതായി ജീവനക്കാർ

Published : Nov 09, 2022, 06:17 PM ISTUpdated : Nov 09, 2022, 06:49 PM IST
ഗിനിയിൽ തടവിലായ ഇന്ത്യക്കാരെ മാറ്റുന്നു; നൈജീരിയയിലേക്ക് കൊണ്ടുപോകാനെന്ന് സംശയിക്കുന്നതായി ജീവനക്കാർ

Synopsis

നൈജീരിയയിലേക്ക് കപ്പൽ കെട്ടിവലിച്ച് കൊണ്ടുപോകുമെന്ന് സൈന്യം ഭീഷണിപ്പെടുത്തിയതായി ജീവനക്കാർ പറഞ്ഞു. മോചനത്തിനായി നയതന്ത്രതലത്തിലും നിയമപരമായും ശ്രമം നടക്കുന്നതിനിടെയിലാണ് എക്വറ്റോറിയൽ ഗിനിയുടെ പുതിയ നീക്കം.

ദില്ലി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനി സൈന്യം ബന്ദികളാക്കിയ ഇന്ത്യക്കാരെ തടവ് കേന്ദ്രത്തിൽ നിന്ന് മാറ്റുന്നു. നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് സംശയം. നൈജീരിയയിലേക്ക് കപ്പൽ കെട്ടിവലിച്ച് കൊണ്ടുപോകുമെന്ന് സൈന്യം ഭീഷണിപ്പെടുത്തിയതായി ജീവനക്കാർ പറഞ്ഞു. മോചനത്തിനായി നയതന്ത്രതലത്തിലും നിയമപരമായും ശ്രമം നടക്കുന്നതിനിടെയിലാണ് എക്വറ്റോറിയൽ ഗിനിയുടെ പുതിയ നീക്കം.

പതിനഞ്ച് ഇന്ത്യക്കാരെയും പ്രത്യേക വാഹനത്തിലാണ് തടവ് കേന്ദ്രത്തിൽ നിന്ന് മാറ്റുന്നത്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ എംബസി അധികൃതരും എന്താണ് സൈന്യത്തിന്റെ ഉദ്ദേശ്യമെന്നത് വ്യക്തമാക്കിയിട്ടില്ലെന്നും കപ്പലിലെ മലയാളികളായ ജീവനക്കാർ പറഞ്ഞു. എന്നാൽ ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകുമെന്നും കപ്പൽ കടലിലൂടെ കെട്ടിവലിച്ച് നീക്കുമെന്നും സൈന്യം ഭീഷണിപ്പെടുത്തിയതായി ജീവനക്കാർ പ്രതികരിച്ചു. നയതന്ത്രതലത്തിലെ ശ്രമങ്ങൾക്കൊപ്പം തന്നെ ജീവനക്കാരുടെ മോചനത്തിനായി നിയമപരമായും നീക്കങ്ങളും നടക്കുമ്പോഴാണ് പുതിയ സംഭവ വികാസം. 

കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്. നോർവെയിലുള്ള കപ്പൽ കമ്പനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കം നടത്തുന്നുണ്ട്. കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി സമീപിച്ചിട്ടുണ്ട്. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം തടവ് കേന്ദ്രത്തിൽ നിന്ന് മാറ്റുന്നത്. തടവിൽ ഉള്ള ഇന്ത്യക്കാരടക്കമുള്ള എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട്  എക്വറ്റോറിയൽ ഗിനി സൈന്യം  പിടിച്ചെടുത്തിട്ടുണ്ട്.  സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.

അതിനിടെ, ഇന്ത്യക്കാരായ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിന് രാഹുൽ കത്ത് നൽകി.

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ