
ദില്ലി: പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം.
അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ അടക്കം ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഗർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കോൺഗ്രസ് മുന്നണിയുടെ നേതൃത്വം വഹിക്കണം എന്നാണ് ശിവസേനയും മുസ്ലിം ലീഗും അടക്കമുള്ള പാർട്ടികളുടെ നിലപാട്. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നേതാക്കൾ വിശദീകരിക്കും.
കേന്ദ്ര സർക്കാർ വിളിച്ചു ചേർക്കുന്ന പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമെന്ന് സൂചനയുണ്ട്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam