അസമില്‍ അശാന്തി: ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി മാറ്റിവച്ചു, ഇന്ത്യയോട് ഇടഞ്ഞ് ബംഗ്ലാദേശ്

By Web TeamFirst Published Dec 13, 2019, 2:38 PM IST
Highlights

പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ വഷളാവുന്നു. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം പുലര്‍ത്തുന്ന അയല്‍രാജ്യമായിരുന്നു ബംഗ്ലാദേശ്. 

ദില്ലി: പൗരത്വ നിയമത്തിലെ ഭേദഗതിക്കെതിരെ അസമില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി മാറ്റി വച്ചു. ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബേയും ഗുവാഹത്തിയിലേക്ക് പുറപ്പെടാനാരിക്കേയാണ് ഉച്ചക്കോടി മാറ്റിവച്ചത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചക്കോടി മാറ്റിവച്ചേക്കുമെന്ന് നേരത്തെ ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷിന്‍സോ ആബേയുടെ വരവിന് മുന്നോടിയായി ജപ്പാനില്‍ നിന്നുള്ള ജപ്പാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ എത്തി സന്ദര്‍ശനം നടത്തിയിരുന്നു. ഗുവാഹത്തിയില്‍ കലാപസമാനമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിവയ്ക്കുന്നതാവും ഉചിതമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ ജപ്പാന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതായാണ് വിവരം. 

ഉച്ചകോടി ദില്ലിക്ക് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തെങ്കിലും ഗുവാഹത്തിയില്‍ നിശ്ചയിച്ച ഉച്ചകോടി ദില്ലിക്ക് മാറ്റേണ്ടതില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമായ ശേഷം ഉച്ചകോടി ഗുവാഹത്തിയില്‍ തന്നെ നടത്തണമെന്നും പ്രധാനമന്ത്രി മോദി തന്നെ നിര്‍ദേശിച്ചതായാണ് വിവരം. നേരത്തെ ചൈനീസ് പ്രസിഡന്‍റ് ഷീജിന്‍ പിംഗുമായുള്ള പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് ചെന്നൈ മഹാബലിപുരത്ത് വച്ചാണ് സമാനമായ രീതിയില്‍ രാജ്യതലസ്ഥാനത്ത് നിന്നും അകലെയുള്ള ഒരു നഗരത്തില്‍ വച്ച് ജപ്പാന്‍ പ്രധാനമന്ത്രിയെ കാണാനായിരുന്നു മോദി താത്പര്യപ്പെട്ടത് എന്നാണ് വിവരം. 

അതേസമയം പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ അഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുമായി ഏറ്റവും മികച്ച ബന്ധം പുലര്‍ത്തുന്ന അയല്‍രാജ്യങ്ങളായിട്ടാണ് ബംഗ്ലാദേശിനേയും ഭൂട്ടാനേയും വിശേഷിപ്പിക്കുന്നത്. നിലവില്‍ പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനുയുമായി അടുത്ത സൗഹൃദവും ഉണ്ട്. എന്നാല്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് ലോക്സഭയിലും രാജ്യസഭയിലും അമിത് ഷാ പറഞ്ഞത് അവിടെ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. 

ബംഗ്ലാദേശ് അഭ്യന്തരമന്ത്രിയും വിദേശകാര്യമന്ത്രിയും ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്ര റദ്ദാക്കി. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് അസി. ഹൈക്കമ്മീഷണര്‍ക്ക് നേരെ ഗുവാഹത്തിയില്‍ ആക്രമണമുണ്ടായതും ബംഗ്ലാദേശിനെ ചൊടിപ്പിച്ചിട്ടുണ്ട്. അസി. ഹൈക്കമ്മീഷണറുടെ കാറിന് നേരെ ഗുവാഹത്തിയില്‍ പ്രക്ഷോഭകാരികള്‍ കല്ലേറ് നടത്തിയതായി ബംഗ്ലാദേശ് ഇന്നലെ ഇന്ത്യയോട് പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ ബംഗ്ലാദേശ് വിദേശകാര്യസെക്രട്ടറി ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചിട്ടുണ്ട്. 

 

click me!