
കൊച്ചി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്നതിന് യാത്രതിരിച്ചിരുന്ന ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ കപ്പൽ വൈകിട്ട് എഴു മണിക്ക് കൊച്ചിയിലെത്തും. സംസ്ഥാനത്തേക്ക് മൂന്നു വിമാനങ്ങളിലും ഇന്ന് പ്രവാസികളെത്തും. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 202 യാത്രാക്കാരുമായാണ് മാലിദ്വീപിൽ നിന്നു ഐഎൻഎസ് മഗർ ഏഴു മണിക്ക് കൊച്ചി തുറമുഖത്തെത്തുന്നത്.
യാത്രക്കാരിൽ 24 സ്ത്രീകളാണ്. ഗർഭിണികളും ചികിത്സയിലുളളവരുമായി 18 പേരും മൂന്നു കുട്ടികളും സംഘത്തിലുണ്ട്. യാത്രക്കാരിൽ ഏറ്റവും കൂടുതൽ മലയാളികളാണ്, 93 പേർ. തമിഴ്നാട്ടിൽ നിന്നുളള 81 പേരും സംഘത്തിലുണ്ട്. കൊച്ചിയിലെത്തുന്നവരെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും.
ബാക്കിയുള്ളവരെ വീടുകളിലേക്കും നിരീക്ഷണ കേന്ദ്രത്തിലേക്കും എത്തിക്കാനായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടുകാർക്കായി ഇത്തവണയും ബസുകളെത്തും. അതേസമയം, പ്രവാസികളുമായി ദുബായിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം വൈകിട്ട് ഏഴു മണിക്ക് എത്തും. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 12.40നാണ് എത്തുക. സിംഗപ്പൂരിൽ നിന്നുളള വിമാനം ബംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലെത്തും. 177 യാത്രക്കാർ വീതമാണ് ഓരോ വിമാനത്തിലും ഉണ്ടാകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam