ഇൻസ്റ്റന്റ് ലോൺ: തിരിച്ചടവ് മുടങ്ങിയാൽ ഹാക്കിങ്, അശ്ലീല സന്ദേശം: ചതിക്കുഴിയിൽ വീണ് മലയാളികൾ

By Web TeamFirst Published Jan 28, 2022, 7:56 AM IST
Highlights

പൂണെയിൽ മലയാളിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഭീഷണിയെത്തിയത് ആസാൻ ലോൺ എന്ന ആപ്പിന്‍റെ പേരിലാണെന്ന് വ്യക്തമായി

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണത് നിരവധി മലയാളികൾ. വീട്ടമ്മമാരടക്കം നിരവധി പേരാണ് വലിയ ബാധ്യതയ്ക്ക് ഇരയാവുന്നത്. ഇരട്ടി പലിശയ്ക്കാണ് ഇത്തരം ആപ്പുകൾ പണം നൽകുന്നത്. പിന്നീട് ഇടപാടുകാരുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യും. തിരിച്ചടവിൽ വീഴ്ച വന്നാൽ ഇടപാടുകാരെ അപകീർത്തിപ്പെടുത്തും. ഇതിനായി ഫോണിലെ എല്ലാ നമ്പറുകളിലേക്കും അശ്ലീല സന്ദേശങ്ങളയക്കുന്നതാണ് പതിവ്.

തിരിച്ചടവ് ഒരു ദിവസം വൈകിയതിന് വേശ്യയെന്ന് പ്രചരിപ്പിച്ചുവെന്ന് സൂറത്തിൽ ഇത്തരത്തിൽ അതിക്രമത്തിന് വിധേയയായ സ്ത്രീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോണിലെ നമ്പറുകളിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങളയച്ചു. ഭീഷണി ഭയന്നാണ് കഴിയുന്നതെന്നും പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. പണം വാങ്ങിയത് ലൈവ് ക്യാഷ് എന്ന ആപ്പ് വഴിയാണെന്നും സ്ത്രീ വെളിപ്പെടുത്തി.

പൂണെയിൽ മലയാളിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഭീഷണിയെത്തിയത് ആസാൻ ലോൺ എന്ന ആപ്പിന്‍റെ പേരിലാണെന്ന് വ്യക്തമായി. ഇൻസ്റ്റന്‍റ് ലോൺ നൽകുന്ന ആപ്പാണിത്.  ആപ്പിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുള്ള ഭീഷണി പതിവാണെന്നാണ് ആരോപണം. പരാതികൾ പ്രവഹിക്കുന്നുണ്ടെങ്കിലും പുല്ലുവില പോലും കൽപ്പിക്കാതെ നൂറുകണക്കിന് ആപ്പുകളാണ് പ്രവർത്തിക്കുന്നത്.

click me!