Latest Videos

റോഡ് അടക്കമുള്ള സൌകര്യങ്ങളില്ല, മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയിലേക്ക് ബൈക്ക് ആംബുലന്‍‌സുമായി മഹാരാഷ്ട്ര

By Web TeamFirst Published Jan 20, 2023, 9:17 AM IST
Highlights

മാവോയിസ്റ്റ് ഭീഷണിയുള്ള ഗച്ച്റോളി മോഖലയ്ക്ക് പ്രാഥമിക ചികിത്സാ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നീക്കം

ഗച്ച്റോളി: ഇനിയും റോഡ് അടക്കമുള്ള അടിസ്ഥാന വികസനമെത്താത്ത മേഖലകളിലെ ആളുകള്‍ക്ക് ആംബുലന്‍സ് അടക്കമുള്ള അവശ്യ സേവനങ്ങള്‍ കിട്ടാക്കനിയാവുമ്പോള്‍ വേറിട്ട മാതൃകയുമായി മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ബൈക്കില്‍ ആംബുലന്‍സ് സേവനമൊരുക്കി പുത്തന്‍ പരീക്ഷണം നടത്തുന്നത്. മഹാരാഷ്ട്രയിലെ ഗച്ച്റോളി ജില്ല പലവിധ കാരണങ്ങള്‍ കൊണ്ട് ഇതിന് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയുടെ കിഴക്കന്‍ അറ്റത്തുള്ള ഈ മേഖല മാവോയിസ്റ്റുകള്‍ സജീവമായ മേഖല കൂടിയാണ്.

മേഖലയിലെ പല റോഡുകളും തകര്‍ന്ന നിലയിലാണുളളത്. അതിനാല്‍ തന്നെ വലിയ വാഹനങ്ങള്‍ക്ക് മേഖലയിലെത്തുകയെന്നത് ഏറെക്കുറെ അസാധ്യമെന്ന് തന്നെ വേണം പറയാന്‍. അതുകൊണ്ട് തന്നെയാണ് സാധാരണ ആംബുലന്‍സില്‍ ലഭ്യമായ എല്ലാവിധ സൌകര്യങ്ങളോട് കൂടിയും ബൈക്കില്‍ ആംബുലന്‍സ് ഒരുക്കിയിട്ടുള്ളത്. രോഗിയായ ആള്‍ക്ക് കിടന്നുപോകാനുള്ള സംവിധാനവും ബൈക്ക് ആംബുലന്‍സില്‍ ലഭ്യമാണ്. ഒറ്റപ്പെട്ട് കിടക്കുന്ന 122ഓളം ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ബൈക്ക് ആംബുലന്‍സ് സൌകര്യമൊരുക്കിയിട്ടുള്ളത്.  ഇന്‍റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെന്‍റ് പ്രൊജക്ടാണ് ആ മേഖലയിലേക്ക് ബൈക്ക് ആംബുലന്‍സ് എന്ന ആശയത്തിന് പിന്നിലുള്ളത്. ആദ്യ വര്‍ഷം ഈ ആംബുലന്‍സിന്‍റെ മുഴുവന്‍ ചിലവും വഹിക്കുക ഇന്‍റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെന്‍റ് പ്രൊജക്ടാണ്.

അതിന് ശേഷം ഗ്രാമ പഞ്ചായത്തിനായിരിക്കും ബൈക്ക് ആംബുലന്‍സിന്‍റെ ഉത്തരവാദിത്തം. ശുഭം ഗുപ്ത എന്ന പ്രൊജക്ട് ഓഫീസറായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. മാവോയിസ്റ്റ് ഭീഷണിയുള്ള ഗച്ച്റോളി മോഖലയ്ക്ക് പ്രാഥമിക ചികിത്സാ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പ്രൊജക്ടെന്നാണ് ശുഭം ഗുപ്ത പ്രതികരിക്കുന്നത്. ഹെല്‍ത്ത് സെന്‍ററിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കുമുള്ള രോഗികളുടെ യാത്രാ ക്ലേശത്തിന് വലിയ രീതിയില്‍ പരിഹാരമാകാന്‍ പ്രൊജക്ടിന് സാധിക്കുമെന്നാണ് നിരീക്ഷണം. മെഡിക്കല്‍ കിറ്റുകളും മരുന്നുകളും ഓക്സിജന് സിലിണ്ടറും അടക്കമുള്ള സൌകര്യങ്ങള്‍ ഈ ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രസവങ്ങള്‍ക്ക് ആശുപത്രി സേവനം തേടുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ബൈക്ക് ആംബുലന്‍സ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഛത്തീസ്ഗഡ് മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള ഗച്ച്റോളിയില്‍ ഖനന വ്യവസായമേഖലയ്ക്ക് എതിരായ പ്രതിഷേധങ്ങളും പ്രകൃതി സംരക്ഷണ പ്രതിഷേധങ്ങളും സജീവമായ മേഖല കൂടിയാണ്. ബുധനാഴ്ച ഗച്ച്റോളിയിലെ ആദിവാസി സമൂഹ ഇന്ദ്രാവതി നദിയ്ക്ക്  കുറുകെയുള്ള പാലം നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രദേശവാസികളെയല്ല ഖനന വ്യവസായികളെ സഹായിക്കുന്നതിനായാണ് പാലം നിര്‍മ്മാണമെന്നാണ് പ്രതിഷേധിക്കുന്നവര്‍ വിശദമാക്കുന്നത്.   

Maharashtra | Bike Ambulance facility initiated for remote villages of far-flung areas in Gadchiroli district pic.twitter.com/VjZvqRaQKX

— ANI (@ANI)
click me!