'ഗുജറാത്തിൽ ആപ്പ് അധികാരത്തിലെത്തും'; ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് കെജ്രിവാൾ

By Web TeamFirst Published Nov 23, 2022, 1:22 PM IST
Highlights

ഗുജറാത്ത് പിടിക്കാൻ കഠിന പ്രയത്നത്തിലാണ് ആംആദ്മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയടക്കം ഇറക്കിയാണ് കളം പിടിക്കാനുള്ള ആപ് പടയൊരുക്കം. 

അഹമ്മദാബാദ് : ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ എത്തുമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ഉണ്ടെന്ന് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കെജ്രിവാളിന്റെ അവകാശവാദം. ഗുജറാത്ത് പിടിക്കാൻ കഠിന പ്രയത്നത്തിലാണ് ആംആദ്മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയടക്കം ഇറക്കിയാണ് കളം പിടിക്കാനുള്ള ആപ് പടയൊരുക്കം. 

ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോര് ആപ്പും ബിജെപിയും തമ്മിലായിരുന്നു. ചിത്രത്തിൽ ഏറെ പിന്നിലായാണ് കോൺഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞുതന്നെ ആപ്പും വോട്ട് തേടിയതോടെ തങ്ങളുടെ പെട്ടിയിൽ വീഴേണ്ട വോട്ടുകളും ആപ്പിന് പോവുമോ എന്ന പേടിയിലാണ് ബിജെപി. ഗുജറാത്ത് തെരഞ്ഞെടുപ്പടുത്തിരിക്കെ ഹൈന്ദവ പ്രീണനം ലക്ഷ്യമിട്ട പല പ്രസ്താവനകളും വാഗ്ദാനങ്ങളും ആപ്പ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്ന ആവശ്യം. 

പരമ്പരാഗതമായി ബിജെപി നേതാക്കൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ഗുജറാത്തിൽ ആംആദ്മി പാർട്ടി പ്രയോഗിക്കുകയാണ്. ദേവ ഭൂമി ദ്വാരകയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമ്പോഴും ഈ ലക്ഷ്യമാണ് കെജരിവാളിൻറെ മനസിൽ. ചുരുക്കത്തിൽ ഗുജറാത്തിൽ കോൺഗ്രസ് വോട്ട് ഭിന്നിപ്പിക്കാനെത്തിയവരെന്ന പഴികേൾക്കുന്ന ആപ്പിന് അതിനുമപ്പുറം വലിയ ലക്ഷ്യങ്ങളുണ്ട്. നഗര വോട്ടുകൾ ആംആദ്മിക്ക് കൂടുതലായി കിട്ടുന്നതാണ് ചരിത്രം. ഗുജറാത്തിൽ ബിജെപിയുടെ വലിയ കോട്ടകളാണ് നഗര മണ്ഡലങ്ങൾ.കഴിഞ്ഞ തവണ 73ൽ 55ഉം ബിജെപിക്കൊപ്പം നിന്നു.  ഈ കോട്ടകളിൽ വിള്ളലുണ്ടാവുമോ എന്ന പേടി ബിജെപിക്കുണ്ട്. ഫലം വരുമ്പോൾ എന്താവുമെന്ന് അറിയാം.

182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഡിസംബര്‍ ഒന്ന് മുതൽ അഞ്ച് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 സീറ്റുകളിലേക്കും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഡ്‍വിയാണ് ഗുജറാത്തിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 

click me!