ഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നു; നിർണായക ചർച്ചകൾ ഫലം കണ്ടു; അമേരിക്കയടക്കം രാജ്യങ്ങൾക്ക് വിലക്ക് തുടരും

Published : Mar 12, 2026, 11:37 AM IST
Cargo Vessel

Synopsis

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയെന്ന് റിപ്പോർട്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ നയതന്ത്ര ചർച്ചകളെ തുടർന്നാണ് ഈ തീരുമാനം. ഇതിന്റെ ഫലമായി 'പുഷ്പക്', 'പരിമൾ' എന്നീ ഇന്ത്യൻ ചരക്ക് കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു.

ദില്ലി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് യാത്രാനുമതി നൽകാൻ ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ നിർണ്ണായകമായ ചർച്ചകളാണ് ഫലം കണ്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ 'പുഷ്പക്', 'പരിമൾ' എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നും റിപ്പോർട്ട് പറയുന്നു. മറൈൻ ട്രാഫിക് വെബ്സൈറ്റിലെ വിവരം പ്രകാരം ഈ കപ്പലുകൾ ഇപ്പോൾ ഹോർമുസ് കടലിടുക്കിന് സമീപത്താണ് ഉള്ളത്.

ഹോർമുസ് കടലിടുക്ക് അടച്ച് ശക്തമായ ആക്രമണം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അഴിച്ചുവിടുന്നുണ്ട്. കഴിഞ്ഞ മണിക്കൂറുകളിലും അമേരിക്കയുടെ അടക്കം രണ്ട് കപ്പലുകൾ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കുള്ള 2 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി മുംബൈ തുറമുഖത്തേക്ക് വരികയായിരുന്ന ലിബിയൻ പതാക വഹിച്ച മറ്റൊരു കപ്പലിനും ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയ ശേഷം ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന ആദ്യ ഇന്ത്യൻ കപ്പലുകളാണിവ. ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ട് ഏറെ നാളായി ഇറാനുമായി ഇന്ത്യ നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തിവരികയായിരുന്നു. ഫെബ്രുവരി 28-നും മാർച്ച് 5-നും ശേഷം മാർച്ച് 10-നാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ മൂന്നാമതും ഫോൺ വഴി ചർച്ച നടത്തിയത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായും ജയശങ്കർ ചർച്ച നടത്തിയെന്നാണ് വിവരം.

ഇറാൻ്റെ കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് അടുക്കാൻ ഇന്ത്യ അനുമതി നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കി. നേരത്തെ 'മിലാൻ 2026' നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക ആക്രമിച്ച് തകർത്തിരുന്നു. ഇവിടെ ശ്രീലങ്കൻ നേവിയും ഇന്ത്യൻ നേവിയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിന് പിന്നാലെയാണ് സാങ്കേതിക തകരാർ നേരിട്ട ഐ.ആർ.ഐ.എസ് ലവാൻ എന്ന ഇറാൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനത്ത് അടുക്കാൻ ഇന്ത്യ അനുമതി നൽകിയത്. ഈ കപ്പലിലുണ്ടായിരുന്ന 180 ലേറെ ഇറാൻ നേവി അംഗങ്ങൾ ഇപ്പോൾ കൊച്ചിയിലാണ് ഉള്ളത്. ഈ നയതന്ത്ര നീക്കങ്ങളാണ് ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിനിടെ ഇന്ത്യയുടെ കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദം ലഭിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽപിജി തീരുമെന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കണ്ട! പൊതുജനങ്ങൾക്ക് ചില 'സ്മാ‍‌ർട്ട്' നി‍‌‍ർദേശങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓയിൽ
രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി, കേരളത്തിൽ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി