
ചെന്നൈ: തമിഴ് ബിഗ് ബോസ് ഷോയിലെ വിജയ് സേതുപതിയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി റിയാലിറ്റി ഷോ സംപ്രേഷണം ചെയുന്ന ചാനൽ. അത് വിനോദ പരിപാടി മാത്രമാണെന്നും പരാമർശങ്ങൾ പരിപാടിയിലെ മത്സരങ്ങളുടെ ഭാഗമാണെന്നും വിജയ് ടിവി വ്യക്തമാക്കി. വ്യക്തിയേയോ പ്രസ്ഥാനത്തെയോ പ്രത്യയശാസ്ത്രത്തെയോ പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള വ്യാഖ്യാനങ്ങൾ ചാനലിന്റെ ലക്ഷ്യമോ താത്പര്യമോ അല്ലെന്നും ചാനൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ടിവികെ അനുയായികളുടെ വ്യാപക വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം.
ബിഗ് ബോസിൽ നേതൃത്വത്തെ കുറിച്ചുള്ള വിജയ് സേതുപതിയുടെ വിമർശനം തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരായ വിമർശനമാണെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. നേതൃത്വം എന്തെന്ന് അറിയാതെ വാഗ്ദാനം നൽകുന്നതും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ചിട്ട് ഓടിപ്പോകുന്നതും അല്ല നേതൃത്വം എന്നാണ് വിജയ് സേതുപതി പറഞ്ഞത്. വിജയ്ക്കെതിരെയുള്ള ഒളിയമ്പാണ് ഇതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ കമന്‍റ്.
വിജയ് സേതുപതി ഡിഎംകെയെ പ്രീതിപ്പെടുത്താനായി വിജയ്ക്കെതിരെ ഒളിയമ്പ് എയ്യുകയാണെന്നാണ് ടിവികെയുടെ വിമർശനം. വിജയ് മുഖ്യമന്ത്രിയപ്പോൾ അഭിനന്ദിക്കാൻ പോലും വിജയ് സേതുപതി തയ്യാറായില്ലെന്ന് ടിവികെ അനുയായികൾ ആരോപിച്ചു. എന്നാൽ ബിഗ് ബോസ് ഷോയിലെ സംഭവ വികാസങ്ങളാണ് വിജയ് സേതുപതി ഷോയുടെ ഭാഗമായി ചൂണ്ടിക്കാണിച്ചതെന്നാണ് താരത്തിന്‍റെ ആരാധകരുടെ വാദം. ഇതിന് അനാവശ്യമായി രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും അവർ വാദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam