​ഗുണ്ടാ ആക്ടും കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും, ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ

By Web TeamFirst Published May 23, 2021, 3:32 PM IST
Highlights

രാജ്യം മുഴുവൻ കൊവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം  രോഗത്തെ കടലിനപ്പുറം നിർത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. 

ദില്ലി: ലക്ഷദ്വീപിലെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം.

രാജ്യം മുഴുവൻ കൊവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം  രോഗത്തെ കടലിനപ്പുറം നിർത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്. കൊച്ചിയിൽ ക്വാറന്റീനിൽ ഇരുന്നവർക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നൽകി പാലിച്ച് പോന്ന  നിയന്ത്രണങ്ങൾക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇളവുകളനുവദിച്ചത്. 

ഇതാണ് രൂക്ഷവ്യാപനത്തിന് കാരണമായതെന്നാണ് ആരോപണം. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ  ആദ്യ നിയമപരിഷ്കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്.

ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയെന്ന ആവശ്യമുന്നയിച്ച് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷന്റെ ഓൺലൈൻ പ്രതിഷേധ ക്യാംപയിൻ തുടരുകയാണ്. കൊറോണക്കാലത്ത് വിദ്യാർത്ഥി വിപ്ലവം വീട്ടുപടിക്കൽ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്.

click me!