
മുംബൈ: മഹാരാഷ്ട്രയിലെ പൂനെ നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ റോഡുകളിൽ ഇസ്രായേൽ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തി. ഈ സംഭവത്തില്‍ പൊലീസ് നിരവധി പേർക്കെതിരെയായി നാല് എഫ്‌ഐആറുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹമാസ് - ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചിലർ കോണ്ട്വ, ഭവാനി പേത്ത്, നാനാ പേത്ത്, പൂനെ കന്റോൺമെന്റ് ഏരിയകളിലെ റോഡുകളിൽ ഇസ്രായേൽ പതാകയുടെ സ്റ്റിക്കറുകൾ ഒട്ടിച്ചുവെന്നാണ് പൊലീസ് വിശദീകരണം.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്നുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു. ആദ്യമായിട്ടാണ് അയൺ സ്റ്റിംഗ് സംവിധാനം യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ഗാസ മുനമ്പിലെ ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകൾ തകർക്കാനും ഹമാസ് പ്രവർത്തകരെ ഇല്ലാതാക്കാനുമാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ (ഐഡിഎഫ്) മാഗ്ലൻ യൂണിറ്റ് നൂതന ആയുധം ഉപയോഗിച്ചതെന്നാണ് വിശദീകരണം.
വ്യോമസേനയുടെ സഹകരണത്തോടെ മഗല്ലൻ യൂണിറ്റ് മോർട്ടാർ ബോംബ് ഉൾപ്പെടെ വിവിധ ആയുധങ്ങൾ ഉപയോഗിച്ച് ഹമാസിനെ ആക്രമിച്ചെന്ന് അവകാശപ്പെട്ടു. അയൺ സ്റ്റിംഗ് ഉപയോഗിച്ച് റോക്കറ്റ് ലോഞ്ചറിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യമാണ് ഇസ്രായേൽ വ്യോമസേന എക്‌സിൽ പോസ്റ്റ് ചെയ്തത്. ലേസർ, ജിപിഎസ് തുടങ്ങിയ സംവിധാനമുള്ള 120 എംഎം മോർട്ടാർ യുദ്ധോപകരണമാണ് 'അയൺ സ്റ്റിംഗ്'. 1-12 കിലോമീറ്ററാണ് ദൂരപരിധി.
അതേസമയം ശത്രുക്കളല്ലാത്തവർക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറക്കാനും കഴിയും. രണ്ടാഴ്ചത്തെ ഇസ്രായേൽ ബോംബാക്രമണത്തിൽ കുറഞ്ഞത് 4,600 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. അതേസമയം, രാസ ബോംബുകള്‍ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് ഹമാസ് പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെർസോഗ് ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam