
ന്യൂഡൽഹി: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ വിശദീകരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. ശാസ്ത്രജ്ഞരുടെ രാജി ഭരണപരമായ കാരണങ്ങളാൽ ആണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കിൽ വിവാദത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പലരും വരും, പലരും പോകും. ഏതൊരു വലിയ സ്ഥാപനത്തിലും ഇതെല്ലാം സാധാരണമാണ്. ആളുകൾ പോകുമ്പോൾ പുതിയ ആളുകൾ ജോലിയിൽ പ്രവേശിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് തടയാനായി പുതിയ മെമ്മോ പുറത്തിറക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഗഗൻയാൻ ഉൾപ്പെടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരടക്കം കഴിഞ്ഞ മാസങ്ങളിൽ ജോലിവിട്ടതോടെയാണ് ഈ നീക്കം. മാസങ്ങൾക്കിടെ നൂറിലധികം ശാസ്ത്രജ്ഞർ ഐഎസ്ആർഒയിൽനിന്ന് രാജിവെച്ചെന്നാണ് വിവരം.
ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽനിന്ന് മാത്രം 80-ഓളം പേരാണ് ജോലിവിട്ടത്. വി എസ് എസ് സിയിൽനിന്ന് 20-ഓളം പേരും രാജിവെച്ചു. മാസങ്ങൾക്കിടെ 120 ശാസ്ത്രജ്ഞരെങ്കിലും ജോലി വിട്ടതായും ഒരുപക്ഷേ ഇനിയും കൂടുതൽപേർ ജോലി വിട്ടേക്കാമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എൽവിഎം 3 പ്രാജക്ട് ഡയറക്ടർ, സ്പാഡെക്സ് പ്രാജക്ട് ഡയറക്ടർ, ചന്ദ്രയാൻ 3 പ്രൊജക്ട് ഡയറക്ടർ തുടങ്ങിയവരാണ് ഐഎസ്ആർഒയിൽനിന്ന് അടുത്തിടെ ജോലിവിട്ടവരിൽ പ്രമുഖർ. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെടുന്ന ശാസ്ത്രജ്ഞർ ജോലി രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യുകയാണെങ്കിൽ പുതിയ നിബന്ധനകൾ കർശനമാക്കിയത്.
ഗഗൻയാൻ പോലെയുള്ള പദ്ധതികളിൽ അംഗങ്ങളായവരുടെ രാജിയോ വിആർഎസ് അപേക്ഷയോ ഇനി സാധാരണ നടപടിക്രമമനുസരിച്ച് സ്വീകരിക്കില്ലെന്നാണ് പുതിയ മെമ്മോയിൽ പറയുന്നത്. പദ്ധതികൾ പൂർത്തിയാകുന്നത് വരെ ഇവരുടെ അപേക്ഷകൾ സ്വീകരിക്കേണ്ടെന്നും സെന്റർ ഡയറക്ടർമാർക്ക് നിർദേശമുണ്ട്. മാത്രമല്ല, ഇനി മുതൽ ഇത്തരം അപേക്ഷകളിൽ സെന്റർ ഡയറക്ടർ സ്വയം തീരുമാനമെടുക്കരുതെന്നും ഇത് അന്തിമ അംഗീകാരത്തിനായി കേന്ദ്രസർക്കാരിന്റെ ബഹിരാകാശവകുപ്പിന് കൈമാറണമെന്നും പറയുന്നു.
ഐഎസ്ആർഒയുടെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ 1339 ജീവനക്കാരും വി എസ് എസ് സിയിൽ 4577 ജീവനക്കാരുമാണ് ജോലിചെയ്യുന്നത്. ഈ കണക്കുകൾപ്രകാരം ജീവനക്കാരിൽ വളരെ കുറച്ച് ശതമാനം പേർ മാത്രമാണ് രാജിവെക്കുന്നതും വിആർഎസിന് അപേക്ഷിക്കുന്നതും. എന്നാൽ, ഗഗൻയാൻ പോലെയുള്ള സുപ്രധാന ദൗത്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നവരുടെ കൊഴിഞ്ഞുപോക്കാണ് ആശങ്കയുണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐഎസ്ആർഒയിൽനിന്ന് ഒട്ടേറെ ജീവനക്കാർ ജോലിവിട്ട് പോകുന്നതായി ചെയർമാൻ വി. നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്. ജോലിയിൽനിന്ന് പലരും പോകും. ഇത് ഓരോ സ്ഥാപനത്തിലും നടക്കുന്നതാണ്. ജോലിവിട്ട് പോകുന്നത് തടയാൻ മാത്രമല്ല പുതിയ നീക്കം. പെട്ടെന്നുള്ള കൊഴിഞ്ഞുപോക്ക് പ്രധാന പദ്ധതികളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണെന്നും അദ്ദേഹം പറഞ്ഞു. ചിലർ പോയാൽ മറ്റുചിലർ പകരം ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അതെല്ലാം തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അതിന് സജ്ജരാണെന്നും ചെയർമാൻ വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ അവസരങ്ങൾ മാത്രമല്ല നിലവിലെ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ. അതേസമയം, ഇതിന് മുൻപും ഇത്തരത്തിൽ കൂട്ടരാജിയും വിആർഎസും ഐഎസ്ആർഒയിൽ സംഭവിച്ചിട്ടുണ്ട്. 2004-നും 2007-നും ഇടയിൽ സ്ഥാപനത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്തവരിൽ പകുതിയോളം പേർ ജോലിവിട്ടിരുന്നു. 2012-നും 2024 നും ഇടയിൽ ഏകദേശം 700-ഓളം ജീവനക്കാർ ഐഎസ്ആർഒയിൽനിന്ന് രാജിവെച്ചതായാണ് കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam