ലോക്ക്ഡൌണ്‍ പെട്ടന്ന് പ്രഖ്യാപിച്ചതും, ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ നീക്കുന്നതും ശരിയല്ല; ഉദ്ധവ് താക്കറെ

By Web TeamFirst Published May 24, 2020, 5:40 PM IST
Highlights

മുന്നറിയിപ്പ് കൂടാതെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത് ശരിയായില്ല. അതുപോലെ തന്നെയാണ് നിയന്ത്രണങ്ങള്‍ പെട്ടന്ന് നീക്കുന്നതും. അത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. കൊവിഡ് 19 നെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. 

മുംബൈ: പെട്ടന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ശരിയായിരുന്നില്ല അതുപോലെ തന്നെ പെട്ടന്ന് ഒരു ദിവസം ലോക്ക്ഡൌണ്‍ നിയന്ത്രണം നീക്കുന്നതും ശരിയല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മെയ് 31 ന് ലോക്ക്ഡൌണ്‍  തീരുമെന്ന് പറയാനാവില്ല. എങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് എന്നത് അനുസരിച്ചാവണം ലോക്ക്ഡൌണില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കൊറോണ വൈറസിന്‍റെ വ്യാപനം കൂടുകയാണ്. അതിനാല്‍ തന്നെ ഇനി വരുന്ന സമയം നിര്‍ണായകമാണെന്ന് ഉദ്ധവ് താക്കറെ സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

മുന്നറിയിപ്പ് കൂടാതെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത് ശരിയായില്ല. അതുപോലെ തന്നെയാണ് നിയന്ത്രണങ്ങള്‍ പെട്ടന്ന് നീക്കുന്നതും. അത് ജനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കും. കൊവിഡ് 19 നെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ആളുകള്‍ ഭയപ്പെടേണ്ട. ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ മതിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഴക്കാലം അടുത്തെത്തി. അതിനനുസരിച്ചുള്ള മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ഉദ്ധവ് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. 

CM Uddhav Balasaheb Thackeray addressing the State https://t.co/YA14xh2GWf

— CMO Maharashtra (@CMOMaharashtra)

രാജ്യത്തെ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 47000 കേസുകളും 1577 മരണങ്ങളുമാണ് മഹാമാരി മൂലം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയാണ്. ആഭ്യന്തര വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് മുന്‍പ് തയ്യാറെടുപ്പുകള്‍ നടത്താനായി കുറച്ച് സമയം നല്‍കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഉദ്ധവ് പറഞ്ഞു. 

click me!