
തിരുവനന്തപുരം: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അപകടം നടന്നതിനുശേഷം പുറത്തുവന്ന പലകാര്യങ്ങള്‍ കൂടി തെറ്റാണെന്ന് തെളിയുകയാണ്. അപകടം നടന്നശേഷം പുറത്തുവന്ന വിവരങ്ങളും ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴുള്ള വിവരങ്ങളും വിശകലനം ചെയ്ത് മാധ്യമപ്രവര്‍ത്തകനും വ്യോമയാന വിദഗ്ധനുമായ ജേക്കബ് കെ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ എയർ ഇന്ത്യ അഹമ്മദാബാദ് വിമാനാപകട പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ അപകടത്തിന്‍റെ അന്ന് മുതൽ ഇന്നലെ വരെ പറയുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന പല കാര്യങ്ങളും തെറ്റായിരുന്നുവെന്ന് തെളിയുകയാണെന്ന് ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പഴയ കാര്യങ്ങളിൽ പലതും തെറ്റാണെന്ന് തെളിയുന്നതിനൊപ്പം പുതിയ ചോദ്യങ്ങള്‍ ഉയരുകയാണെന്നും ജേക്കബ് കെ ഫിലിപ്പ് പറയുന്നു.
വിമാനം വീഴുന്നതിന് തൊട്ടുമുമ്പ് മെയ്ഡേ സന്ദേശം പറയുന്നതിനൊപ്പം നോ ത്രസ്റ്റ്, പ്ലെയിൻ നോട്ട് ടേക്കിങ് ലിഫ്റ്റ് എന്ന് എടിസിയോട് പറഞ്ഞുവെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നാണ് എഎഐബി അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. മെയ് ഡേ സന്ദേശം വിളിച്ചറിയിച്ച പൈലറ്റ് പിന്നീട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അങ്ങനെ വരുമ്പോള്‍ പൈലറ്റ് ലിഫ്റ്റും ത്രസ്റ്റുമില്ലെന്ന് പറഞ്ഞുവെന്ന് ആദ്യം പറഞ്ഞതാരാണെന്നും എന്ത് ഉദ്ദേശത്തോടുകൂടിയാണെന്നും ചോദിക്കുകയാണ് ജേക്കബ് കെ ഫിലിപ്പ്.
ഇതോടൊപ്പം പറന്നുയരുമ്പോള്‍ പിന്നിലേക്ക് മടക്കിവയ്ക്കേണ്ട ഫ്ലാപ്പുകള്‍ നേരെയാണ് ഇരുന്നതെന്നും ഇതിനാൽ വിമാനത്തിന് ഉയരാനാവശ്യമായ തള്ളൽ കിട്ടുന്നത് കുറഞ്ഞതിനാൽ അപകടമുണ്ടായിരിക്കാമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, വിമാനാവശിഷ്ടങ്ങളിൽ ഫ്‌ളാപ്പ് ഹാൻഡിൽ അസംബ്ലിയിലെ ഹാൻഡിൽ അഞ്ചു ഡിഗ്രിയിൽ സെറ്റു ചെയ്തിരിക്കുന്നതായാണ് കണ്ടതെന്നും സാധാരണ ടേക്കോഫിൽ ചെയ്യുന്നതു പോലെ തന്നെയാണെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഫ്ളാപ്പുകള്‍ മടങ്ങി തന്നെയാണ് ഇരുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ നേരത്തെ പുറത്തുവന്നിരുന്ന വിവരങ്ങളിലടക്കം കൂടുതൽ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് അന്വേഷണ റിപ്പോര്‍ട്ട് എന്നും ജേക്കബ് കെ ഫിലിപ്പ് പറയുന്നു.
ജേക്കബ് കെ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ എയർ ഇന്ത്യാ അഹമ്മദാബാദ് വിമാനാപകട പ്രാഥമികാന്വേഷണ റിപ്പോർട്ട് പരസ്യമാകുമ്പോൾ, അപകടത്തിന്റെയന്നു മുതൽ ഇന്നലെ വരെ പറയുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന പല കാര്യങ്ങളും തെറ്റായിരുന്നുവെന്ന് തെളിയുക കൂടിയാണ്- പുതിയ ചോദ്യങ്ങൾ ഉയരുകയും.
1. പറന്നുയരുമ്പോൾ, പിന്നിലേക്ക് മടക്കിവയ്‌ക്കേണ്ടിയ ഫ്‌ളാപ്പുകൾ (ചിറകുകൾക്കു പിന്നിലെ മടക്കുന്ന പാളി) നേരയാണ് ഇരുന്നിരുന്നത് എന്നതിനാൽ വിമാനത്തിന് ഉയരാനാവശ്യമായ ലിഫ്റ്റ് (മുകളിലേക്കുള്ള തള്ളൽ) കിട്ടുന്നത് കുറഞ്ഞിട്ടുണ്ടാവും. അതിനാൽ അപകടമുണ്ടാകാം.
എന്നാൽ റിപ്പോർട്ട് പറയുന്നത് ഇങ്ങിനെ- (താഴെ നിന്നു കിട്ടിയ വിമാനാവശിഷ്ടങ്ങളിൽ) ഫ്‌ളാപ്പ് ഹാൻഡിൽ അസംബ്ലിയിലെ ഹാൻഡിൽ അഞ്ചു ഡിഗ്രിയിൽ സെറ്റു ചെയ്തിരിക്കുന്നതായാണ് കണ്ടത്- സാധാരണ ടേക്കോഫിൽ ചെയ്യുന്നതു പോലെ തന്നെ.
ഫ്‌ളാപ്പുകൾ മടങ്ങിത്തന്നെയാണിരുന്നിരുന്നത് എന്നർഥം.
2. വിമാനം വീഴുന്നതിന് തൊട്ടുമുമ്പ് മെയ്ഡേ സന്ദേശം പറയുന്നതിനൊപ്പം പൈലറ്റ്, 'No thrust... plane not taking lift' എന്ന് എടിസിയോട് പറഞ്ഞു എന്ന് എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു.
ഇതും തെറ്റാണെന്നാണ് എഎഐബി റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഒരു മണി കഴിഞ്ഞ് ഒൻപതു മിനിറ്റും അഞ്ചു സെക്കൻഡുമാകുമ്പോൾ മെയ്‌ഡേ സന്ദേശം വിളിച്ചറിയിച്ച പൈലറ്റ് പിന്നീട് ഒന്നുമേ പറഞ്ഞിട്ടില്ല.
വിമാനത്തിന്‍റെ കാൾസൈൻ എന്താണെന്ന് എടിസിയിൽ നിന്ന് ചോദിച്ചതിനും മറുപടിയുണ്ടായില്ല എന്ന് റിപ്പോർട്ട് പറയുന്നു. സെക്കൻഡുകൾക്കകം വിമാനം വീഴുകയായിരുന്നു.
അപ്പോൾ ചോദ്യങ്ങൾ ഇവയാണ്-
പൈലറ്റ്, ലിഫ്റ്റും ത്രസ്റ്റും ഇല്ല എന്ന് പറഞ്ഞുവെന്ന് ആദ്യം പറഞ്ഞതാരാണ്?
അത് ആരായാലും, അങ്ങിനെ പ്രചരിപ്പിച്ചത് എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയായിരുന്നോ?
3. എല്ലാ വിമാനങ്ങൾക്കുമുള്ളതു പോലെ ഡിജിറ്റൽ ഫ്‌ളൈറ്റ് ഡാറ്റാ റിക്കോർഡർ എന്ന, വിമാനത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും ചലനങ്ങളുടേയും ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്ന ഡിഎഫ്ഡിആർ ബ്ലാക്ക്‌ബോക്‌സും, കോക്പിറ്റിലെ ശബ്ദങ്ങൾ റിക്കോർഡു ചെയ്തു സൂക്ഷിക്കുന്ന കോക്പിറ്റ് വോയ്‌സ് റിക്കോർഡർ അഥവാ സിവിആർ എന്ന രണ്ടാം ബ്ലാക്ക് ബോക്‌സും വിമാനാവാശിശഷ്ടങ്ങളിൽ നിന്ന് കണ്ടെത്തി എന്നായിരുന്നു എല്ലാ വാർത്തകളിലും.
എന്നാൽ ഈ വിമാനത്തിലുണ്ടായിരുന്നത്, ആധുനിക തലമുറിൽപ്പെട്ട ബ്ലാക്ക് ബോക്‌സായ, എൻഹാൻസ്ഡ് എയർബോൺ ഫ്‌ളൈറ്റ് റിക്കോർഡറുകളായിരുന്നു (ഇഎഎഫ്ആർ) എന്ന് എഎഐബി റിപ്പോർട്ട് പറയുന്നു.
പഴയ മട്ടിലുള്ള ബ്ലാക്ക്‌ബോക്‌സുകളിൽ നിന്ന് ഇതിനുള്ള വ്യത്യാസം, ഡിഎഫ്ഡിആർ ഡാറ്റയും കോക്പിറ്റ് ശബ്ദങ്ങളും ഒരേ പെട്ടിയിലുണ്ട് എന്നതാണ്.
അപ്പോൾ പിന്നെ രണ്ടെണ്ണം കിട്ടിയതോ?
അത് രണ്ടിലും ഒരേ കാര്യങ്ങളാണ് റിക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതെന്നതാണ് വാസ്തവം. അപകടത്തിൽ ഒരെണ്ണത്തിന് എന്തെങ്കിലും കേടുപാടുണ്ടായാലും രണ്ടാമത്തേതിൽ നിന്ന് വിവരങ്ങളെല്ലാം കിട്ടണമെന്ന മുൻകരുതൽ.
ഈ അപകടത്തിൽ അങ്ങിനെ സംഭവിക്കുകയും ചെയ്തു.
പിന്നറ്റത്തു വച്ചിരുന്ന പെട്ടിക്ക് സാരമായ കേടുപാടുണ്ടായി വിവരങ്ങൾ എടുക്കാനാവാത്ത നിലയിലായിരുന്നു. നമുക്കിപ്പോൾ കിട്ടിയ വിവരങ്ങളെല്ലാം തന്നെ തൊട്ടു മുന്നിലായി വച്ചിരുന്ന രണ്ടാം ഇഎഎഫ്ആറിൽ നിന്നാണ്.
ഇനി മറ്റൊരു കാര്യം, അല്ലെങ്കിൽ ഊഹം-
എഎഐബി റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കുക-
ഇന്ധന സ്വിച്ച് ആദ്യം ഓഫു ചെയ്തത് ഒന്നാം നമ്പർ എൻജിന്റേതാണ്. പിന്നീട് ഓൺ ചെയ്തപ്പോഴും ഈ എൻജിൻ തന്നെയായിരുന്നു ആദ്യം.
കോക്പിറ്റിൽ രണ്ടു പൈലറ്റുമാരുടേയും നടുക്കുള്ള സെൻട്രൽ പെഡസ്റ്റലിലാണ് രണ്ടുമുള്ളത്. ഇടതുവശത്ത് ഒന്നാം എൻജിന്റെ സ്വിച്ചും വലത്ത് രണ്ടാം എൻജിന്റെ സ്വിച്ചും.
ഇടത്തേ എൻജിൻ ആദ്യം ഓഫു ചെയ്യുകയും ഓൺ ചെയ്യുകയും ചെയ്യുന്നത് ആരാകാനാണ് കൂടുതൽ സാധ്യത?
ഇടതുവശത്തിരിക്കുന്നയാൾ തന്നെ. അപകടമുണ്ടായപ്പോൾ, വിമാനം പറത്തുന്ന ജോലി ചെയ്തിരുന്ന കോ-പൈലറ്റിന്‍റെ (പൈലറ്റ് ഫ്‌ളൈയിങ്) ഇടത്തേ സീറ്റിലിരുന്ന് പറക്കൽ നിരീക്ഷിക്കുന്ന ജോലി ചെയ്തിരുന്ന പൈലറ്റ് മോണിറ്ററിങ് ആയ ക്യാപ്റ്റൻ, പൈലറ്റ്-ഇൻ-കമ്മാൻഡ്.