ചന്ദ്രബാബു നായിഡു നിര്‍മിച്ച എട്ടുകോടിയുടെ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ജഗന്‍ മോഹന്‍

By Web TeamFirst Published Jun 24, 2019, 8:38 PM IST
Highlights

നായിഡുവിന്‍റെ വസതിക്ക് സമീപത്തായി നിര്‍മിച്ച പ്രജാവേദിക കോണ്‍ഫറന്‍സ് ഹാളാണ് പൊളിച്ചു കളയാന്‍ ഉത്തരവിട്ടത്. 

അമരാവതി: മുന്‍ മുഖ്യമന്ത്രി തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) നേതാവുമായ ചന്ദ്രബാബു നായിഡു എട്ട് കോടി രൂപ ചെലവില്‍ പണികഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്‍റര്‍ പൊളിച്ചു കളയാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്ന് ആരോപിച്ചാണ് കെട്ടിടം പൊളിക്കുന്നത്. നായിഡുവിന്‍റെ വസതിക്ക് സമീപത്തായി നിര്‍മിച്ച പ്രജാവേദിക കോണ്‍ഫറന്‍സ് ഹാളാണ് പൊളിച്ചു കളയാന്‍ ഉത്തരവിട്ടത്. 

പ്രജാവേദിക പ്രതിപക്ഷ നേതാവിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരെയും പാര്‍ട്ടിക്കാരെയും കാണാന്‍ പ്രജാവേദിക അനുവദിക്കണമെന്നായിരുന്നു നാഡിഡു ആവശ്യപ്പെട്ടത്. എന്നാല്‍, നായിഡുവിന്‍റെ അപേക്ഷ മുഖ്യമന്ത്രി നിരസിച്ചു. ചട്ടം ലംഘിച്ച് നിര്‍മിച്ചതിനാല്‍ കെട്ടിടം പൊളിച്ച് കളയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അറിയിച്ചു. കൃഷ്ണ നദിയുടെ തീരത്താണ് പ്രജാവേദിക നിര്‍മിച്ചത്.

അതേസമയം, ജഗന്‍ മോഹന്‍ റെഡ്ഡി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് ടി ഡി പി ആരോപിച്ചു. പ്രജാവേദിയിലുണ്ടായിരുന്ന ചന്ദ്രബാബു നായിഡുവിന്‍റെ വസ്തുക്കള്‍ നശിപ്പിച്ചതായും ആരോപണമുയര്‍ന്നു. 

click me!