
ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ വേണമെന്ന ആവശ്യം പരിഗണിക്കാനൊരുങ്ങി സർവകലാശാല. വിദ്യാർഥി യൂണിയൻ വേണമെന്ന ആവശ്യമുയർത്തി അഞ്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം ഒരാഴ്ച്ച പിന്നിട്ടതോടെയാണ് സർവകലാശാല അധികൃതരുടെ മനംമാറ്റം. യൂണിയൻ രൂപീകരണത്തിന്‍റെ ഭാഗമായി സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ച നടത്താൻ ഉന്നതതല സമിതി രൂപീകരിച്ചു. വിവിധ വിഭാഗങ്ങളിലെ ഡീൻമാരെ ഉൾപ്പെടുത്തിയാണ് ഉന്നത തല സമിതി രൂപീകരിച്ചത്. ഏഴ് അംഗങ്ങളടങ്ങുന്ന ഈ സമിതി വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷം സർവകലാശാല വി സിക്ക് റിപ്പോർട്ട് കൈമാറും. സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും ഒപ്പം നിരാഹാരം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെയെടുത്ത നടപടികൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. അതേസമയം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ നിരാഹാര സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
2006 ലാണ് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ അവസാനമായി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ അന്ന് കാമ്പസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതർ കഴിഞ്ഞ 20 വർഷമായി തിരഞ്ഞെടുപ്പ് നടപടികൾ നിർത്തലാക്കിയത്. ഈ നടപടി നീക്കണമെന്നും വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങിയത്. വിദ്യാർത്ഥികളെ സർവ്വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവകലാശാലാ കാമ്പസിന് പുറത്തേക്ക് വലിച്ചിഴച്ച് മാറ്റിയതോടെ പ്രക്ഷോഭം ശക്തമായി. ചീഫ് പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും നേതൃത്വത്തിൽ അറുപതോളം സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്തെത്തി സമരക്കാരുടെ കിടക്കകളും പന്തലുകളും ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടികളും ഉണ്ടായി. സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്ക് പിന്നാലെ എൻ എസ് യു ഐ, ഐസ, ജെ എൻ യു എസ്‍ യു തുടങ്ങിയ വിദ്യാർഥി സംഘടനകൾ സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. സമരം കൂടുതൽ ശക്തമായതോടെയാണ് വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യാനായി സർവകലാശാല ഉന്നത സമിതിയെ നിയോഗിച്ചിരിക്കുന്നത്. അതേസമയം കാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സർവകലാശാല കനത്ത സുരക്ഷാ വലയത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam