ജാമിയയില്‍ വെടിവച്ചയാള്‍ക്ക് തോക്കും വെടിയുണ്ടയും ലഭിച്ചത് 10000 രൂപയ്ക്ക്, നല്‍കിയയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

By Web TeamFirst Published Feb 1, 2020, 11:15 AM IST
Highlights

''തോക്ക് നല്‍കിയയാളെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇയാളെ പരിചയപ്പെടുത്തിയ സുഹൃത്തിനെയും  കണ്ടെത്തിയിട്ടുണ്ട്. ഉചിതമായ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കും'' 

ദില്ലി: ജാമിയയില്‍ പ്രൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്കും രണ്ട് വെടിയുണ്ടകളും ലഭിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നെന്ന് പൊലീസ്. 10000 രൂപ മുടക്കിയാണ് 17കാരന്‍ തോക്കും വെടിയുണ്ടയും വാങ്ങിയത്.

ബന്ധുവിന്‍റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണെന്നാണ് ഇയാള്‍ തോക്ക് നല്‍കിയ ആളോട് പറഞ്ഞത്. ഇയാള്‍ 17കാരന് തോക്കിനൊപ്പം രണ്ട് വെടിയുണ്ടകളും നല്‍കി. ഒരു തവണ മാത്രമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ബാക്കി വന്ന ഒരു വെടിയുണ്ട 17കാരനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. 

''തോക്ക് നല്‍കിയയാളെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇയാളെ പരിചയപ്പെടുത്തിയ സുഹൃത്തിനെയും  കണ്ടെത്തിയിട്ടുണ്ട്. ഉചിതമായ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കും'' -  പൊലീസ് വ്യക്തമാക്കി

അതേസമയം ദില്ലി പൊലീസ് ഇതുവരെ തങ്ങളോട് വെടിവച്ചയാളെക്കുറിച്ചുള്ള വിവരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് ഗൗതം ബുദ്ധ നഗര്‍ അഡീഷണല്‍ കമ്മീഷണര്‍  ഓഫ് പൊലീസ് ശ്രീപര്‍ണ ഗോംഗുലി പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോമാസമായി 17കാരന്‍ പരിചയപ്പെട്ട ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകന്‍ ആകും തോക്ക് നല്‍കിയതെന്ന് ഇയാളുടെ വീടിന് സമീപത്തുള്ള രണ്ട് പേര്‍ പറഞ്ഞു. 

വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പ് സോഹദരിയോട് ഇയാള്‍ പറഞ്ഞത് 'നിങ്ങള്‍ എന്നെങ്കിലും എന്നെപ്രതി അഭിമാനിച്ചിട്ടുണ്ട് ? ഇന്ന് മുതല്‍ അതുണ്ടാകും' എന്നായിരുന്നു. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അക്രമി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്കൂളിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ദില്ലിയിലേക്ക് ബസ് കയറുകയായിരുന്നു. 

''അയാള്‍ക്ക് ഷഹീന്‍  ബാഗിലേക്കുള്ള വഴിയറിയില്ലായിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമീപം എത്തിച്ചു. റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചു. നടന്നുപോകാനും പറഞ്ഞു.'' - പൊലീസ് വ്യക്തമാക്കി. ജാമിയയിലെത്തിയ ഇയാള്‍ കണ്ടത് പ്രതിഷേധകരെയാണ്. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് വന്നു. തുടര്‍ന്ന് പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. 

പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് നടപടിയെന്ന് വ്യക്തമാകുന്നു. ''എന്‍റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക'' എന്ന് അയാള്‍ പറയുന്നു. 'ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു' എന്നും മറ്റൊരു പോസ്റ്റില്‍ ഭീഷണിമുഴക്കുന്നുമുണ്ട്.
 
ഇയാളുടെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്‍ത്തകരും പൊലീസും നേക്കി നില്‍ക്കെയായിരുന്നു വെടിവയ് പ്പ്. കയ്യില്‍ ചോരയൊലിച്ച് നിന്ന ഷദാബിനെ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ എത്തിച്ചു. അതേസമയം തോക്കുമായി പാഞ്ഞടുത്ത ഇയാളെ തടയാന്‍ പൊലീസ് യാതൊന്നും ചെയ്തില്ലെന്ന് ജാമിയയിലെ വിദ്യാര്‍ത്ഥിയായ ആംന ആസിഫ് എന്‍ഡിടിവിയോട് പറഞ്ഞു. 

പൗരത്വനിമഭേദഗതിക്കെതിരെ ജാമിയ മിലിയയില്‍ നടന്ന പ്രതിഷേധത്തിനിടെ വെടിയുതിര്‍ത്തയാള്‍ക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പൊലീസ് സോഴ്സ് വെളിപ്പെടുത്തിയതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 'അവന്‍റെ നടപടിയില്‍ അവന് യാതൊരു കുറ്റബോധവുമില്ല' എന്ന് പൊലീസ് വ്യക്തമാക്കി. വാട്സ്ആപ്പില്‍ വരുന്ന വീഡിയോകളും ഫേസ്ബുക്ക് ടെലിവിഷനുമാണ് ഇയാളെ സ്വാധീനിച്ചതെന്നും ദില്ലി പൊലീസ് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

click me!