
ശ്രീനഗര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘര്‍ഷം കനത്തിരിക്കെ ജമ്മുവിലെത്തിയിരിക്കുകയാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മുവിലെ സാഹചര്യങ്ങൾ വിലയിരുത്താനായി താൻ റോഡ് മാര്‍ഗം ജമ്മുവിലേയ്ക്കുള്ള യാത്രയിലാണെന്ന് വ്യക്തമാക്കുന്ന ചിത്രമടങ്ങുന്ന പോസ്റ്റ് അദ്ദേഹം രാവിലെ തന്നെ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. വാഹനത്തിന് മുന്നിൽ ഇന്ത്യയുടെ പതാക കാണുന്ന രീതിയിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. കഴിഞ്ഞ രാത്രിയിലെ പാകിസ്ഥാന്‍റെ പരാജയപ്പെട്ട ഡ്രോൺ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനാണ് ജമ്മുവിലേയ്ക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കനത്തിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകൾ ഉൾപ്പെടെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. എന്നാൽ, മികച്ച പ്രതിരോധമുയര്‍ത്തിയ ഇന്ത്യ പിന്നീട് പ്രത്യാക്രമണം നടത്തുകയും ചെയ്തു. പാക് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപത്ത് പോലും ഇന്ത്യൻ മിസൈലുകൾ പതിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ പോലും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായുള്ള റിപ്പോര്‍ട്ടുകളുമെത്തി. എന്നാൽ, ഏത് പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യയും ജമ്മു കശ്മീരും സുരക്ഷിതമാണെന്ന സന്ദേശമാണ് ഒമര്‍ അബ്ദുള്ള നൽകിയിരിക്കുന്നത്.
ജമ്മുവിലെത്തിയ ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം പൂഞ്ചിൽ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദര്‍ശിച്ചു. അതേസമയം, ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി ഇന്ന് രാവിലെ രജൗരിയിലെത്തിയിരുന്നു. ആശുപത്രികളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ അദ്ദേഹം പാകിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്നും ജനങ്ങൾ ഇന്ത്യൻ സൈന്യത്തിനൊപ്പമാണെന്നും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam