കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ട് ദിവസത്തെ 'മാസ്ക് വേട്ട'യില്‍ ജമ്മുപൊലീസ് ഈടാക്കിയത് ഒന്നരലക്ഷത്തോളം രൂപ

By Web TeamFirst Published Mar 26, 2021, 12:43 PM IST
Highlights

കൊവിഡ് 19 വീണ്ടും വ്യാപകമാവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കര്‍ശന നടപടികളിലേക്ക് ജമ്മു പൊലീസ് കടന്നത്. തിരക്കേറിയ ഇടങ്ങളിലും ചന്തകളിലും ആളുകളോട് സാമൂഹ്യ അകലം പാലിക്കാനും കര്‍ശനമായി മാസ്ക് ധരിക്കാനും പൊലീസ് ആളുകളോട് അഭ്യര്‍ത്ഥിച്ചു

ശ്രീനഗര്‍: കൊവിഡ് 19 പ്രൊട്ടോക്കോള്‍ ശക്തമായ പിന്തുടരുന്നതിന്‍റെ ഭാഗമായി ജമ്മു പൊലീസിന്‍റെ 'മാസ്ക് വേട്ട'യില്‍ കുടുങ്ങിയത് 300 പേര്‍. രണ്ട് ദിവസം കൊണ്ട് ജമ്മു പൊലീസ് പിഴയായി ശേഖരിച്ചത് 145100 രൂപയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴയിട്ടുകൊണ്ടുള്ള പ്രത്യേക പരിശോധനയിലാണ് ഒന്നരലക്ഷം രൂപയോളം പൊലീസിന് പിഴത്തുകയായി ലഭിച്ചത്. രാജ്യത്ത് കൊവിഡ് 19 വീണ്ടും വ്യാപകമാവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കര്‍ശന നടപടികളിലേക്ക് ജമ്മു പൊലീസ് കടന്നത്.

തിരക്കേറിയ ഇടങ്ങളിലും ചന്തകളിലും ആളുകളോട് സാമൂഹ്യ അകലം പാലിക്കാനും കര്‍ശനമായി മാസ്ക് ധരിക്കാനും പൊലീസ് ആളുകളോട് അഭ്യര്‍ത്ഥിച്ചു. മാസ്ക് ധരിക്കുന്നത് കൃത്യമായി ധരിക്കാനും പൊലീസ് നിര്‍ദ്ദേശിച്ചു. പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കാതെ എത്തിയാല്‍ 500 രൂപ വീതം പിഴ ഈടാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 172 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇവിടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 129203ആയി. പുതിയ കേസുകളില്‍ 41 എണ്ണവും ജമ്മു ഡിവിഷനില്‍ നിന്നുള്ളതാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ ജമ്മു കശ്മീരില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ കൊവിഡ് 19ന്‍റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ ശക്തമാവുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ അധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം 59074 പുതിയ കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ 17ന് ശേഷം ഒറ്റ ദിവസം കൊണ്ടുണ്ടാവുന്ന ഏറ്റവും കൂടിയ കേസുകളുടെ എണ്ണമാണ് ഇത്.

കൊവിഡിന്‍റെ ആദ്യ തരംഗം കഴിഞ്ഞ നവംബറില്‍ നിയന്ത്രിക്കാന്‍ സാധ്യമായെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേസുകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവ് ആശങ്ക പടര്‍ത്തുന്നതാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ആദ്യ തരംഗ സമയത്ത് ഉണ്ടായതിനേക്കാള്‍ അധികമാണ് ഇപ്പോഴുള്ള കേസുകള്‍. 
 

click me!