
ബെംഗലുരു: കേവല ഭൂരിപക്ഷത്തിനായുള്ള 113 എന്ന മാജിക് നമ്പറിലേക്ക് തനിച്ച് എത്താനാവില്ലെങ്കിലും കര്‍ണാടകയില്‍ വോട്ട് ഷെയറില്‍ മുന്നിലുണ്ടാവുക കോണ്‍ഗ്രസ് എന്ന് ജന്‍ കീ ബാത്ത് സര്‍വ്വേ ഫലം. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ബിജെപിയോട് സീറ്റുകളുടെ എണ്ണത്തില്‍ പിന്നില്‍ പോവുമെങ്കിലും സംസ്ഥാനത്തെ വോട്ട് ഷെയര്‍ നേട്ടം കോണ്‍ഗ്രസിന് പരാജയത്തിനിടയിലും പിടിവള്ളിയാവുമെന്നാണ് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ രണ്ടാം ഘട്ട സര്‍വ്വേ വിശദമാക്കുന്നത്. 38.5 മുതല്‍ 41.5 ശതമാനം വരെ വോട്ട് ഷെയറാണ് കോണ്‍ഗ്രസ് നേടുക. 38 മുതല്‍ 40.5 ശതമാനം വരെ വോട്ട് ഷെയറാവും ബിജെപിക്ക് നേടാന്‍ സാധിക്കുക. ജെഡിഎസിന് 14 മുതല്‍ 16.5 ശതമാനം വരെ വോട്ടും മറ്റുള്ളവര്‍ക്ക് 4 മുതല്‍ 7 ശതമാനം വരെയും വോട്ടാണ് നേടാന്‍ സാധിക്കുകയെന്നാണ് ജന്‍ കീ ബാത്ത് രണ്ടാം ഘട്ട സര്‍വ്വേ പ്രവചിക്കുന്നത്.
ആദ്യ ഘട്ട സര്‍വ്വേയില്‍ 40 ശതമാനം വരെ വോട്ടാണ് കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. വോട്ട് ഷെയറില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന പ്രവചനത്തില്‍ രണ്ടാം ഘട്ട സര്‍വ്വേയിലും മാറ്റമില്ലെന്നത് കോണ്‍ഗ്രസ് പോരാട്ടത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ്. ആദ്യ ഘട്ട സര്‍വ്വേയില്‍ 37 മുതല്‍ 39 ശതമാനം വരെ വോട്ട് ഷെയര്‍ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു പ്രവചനം.16 മുതല്‍ 18 ശതമാനം വരെ വോട്ട് ഷെയറാണ് ജെഡിഎസ് കര്‍ണാടകയില്‍ നേടുക. മറ്റുള്ളവര്‍ക്ക് 5 മുതല്‍ 7 വരെ ശതമാനം വോട്ട് ഷെയര്‍ നേടാനാവുമെന്നും ആദ്യ ഘട്ട സര്‍വ്വേ പ്രവചിച്ചിരുന്നു.
ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെയാണ് ജന്‍ കീ ബാത്തിന്‍റെ രണ്ടാം ഘട്ട സര്‍വ്വേ നടന്നത്. 30000 സാംപിളുകളാണ് രണ്ടാം ഘട്ട സര്‍വ്വേയുടെ ഭാഗമായി ജന്‍ കീ ബാത്ത് പരിശോധിച്ചത്. 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പും അടക്കം രാജ്യത്തെ 36ഓളം തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ വിജയകരമായി നടത്തിയിട്ടുള്ള പശ്ചാത്തലമാണ് ജന്‍ കീ ബാത്തിനുള്ളത്.
നേരത്തെ കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി - സി വോട്ടർ പ്രവചിച്ചത്. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു എബിപി - സി വോട്ടർ സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളില്‍ വിജയം നേടും. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനം വിശദമാക്കിയിരുന്നു. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം പ്രവചിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam