പ്രതീക്ഷിച്ചു, പക്ഷേ എൻഡിഎയും വിളിച്ചില്ല, ഒരു യോഗത്തിലേക്കും ക്ഷണമില്ല ! ജെഡിഎസും കുമാരസ്വാമിയും ത്രിശങ്കുവിൽ

Published : Jul 17, 2023, 11:20 PM IST
പ്രതീക്ഷിച്ചു, പക്ഷേ എൻഡിഎയും വിളിച്ചില്ല, ഒരു യോഗത്തിലേക്കും ക്ഷണമില്ല ! ജെഡിഎസും കുമാരസ്വാമിയും ത്രിശങ്കുവിൽ

Synopsis

ബെംഗളുരുവിൽ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ കുമാരസ്വാമി, വിശ്വസിക്കാവുന്ന ഒരു നേതാവെങ്കിലും മഹാസഖ്യത്തിലുണ്ടോ എന്ന് ചോദിച്ചു.

ബംഗ്ലൂരു : നാളെ പ്രതിപക്ഷ പാർട്ടികളുടേയും എൻഡിഎയുടേയും യോഗം നടക്കാൻ ഇരിക്കെ ജെഡിഎസ് പ്രതിസന്ധിയിലാണ്. പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നാളെ നടക്കുന്ന എൻഡിഎ യോഗത്തിന് കുമാര സ്വാമിക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഇതോടെ പ്രതിപക്ഷത്തെ പിണക്കി എൻഡിഎയ്ക്ക് ഒപ്പം കൂടാമെന്ന് കരുതിയ ജെഡിഎസ് ത്രിശങ്കുവിലാണ്. ഇത് വരെ ഒരു പാ‍ർട്ടിയും സഖ്യത്തിനായി ക്ഷണിച്ചിട്ടില്ലെന്ന് പറയുമ്പോഴും ക‍ർണാടകയിലെ പ്രതിപക്ഷ നേതൃപദവിയിലാണ് കുമാരസ്വാമിയുടെ കണ്ണ്. ബെംഗളുരുവിൽ ചേരുന്ന പ്രതിപക്ഷ നേതൃയോഗത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ കുമാരസ്വാമി, വിശ്വസിക്കാവുന്ന ഒരു നേതാവെങ്കിലും മഹാസഖ്യത്തിലുണ്ടോ എന്ന ചോദ്യമുയർത്തിയതും ഇതിന്റെ ഭാഗമായിട്ടാണ്. 

സോഷ്യലിസ്റ്റ് വിചാരധാരയിൽ ഊന്നി വളർന്ന ദേവഗൗഡയുടെ ജെഡിഎസ്, കുമാരസ്വാമിയുടെ നേതൃത്വത്തിലേക്ക് നീങ്ങിയപ്പോൾ ബിജെപിക്ക് കൈ കൊടുക്കാൻ മുമ്പും മടിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ജെഡിഎസ്സിന് ശക്തമായ ഒരു ദേശീയ സഖ്യത്തിൽ നിൽക്കേണ്ടത് നിലനിൽപ്പിന്‍റെ കൂടി ആവശ്യമാണ്. നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് വിളിച്ചാൽ ഉടൻ പോകാൻ കുമാരസ്വാമി തയ്യാറെടുത്തിരുന്നിട്ടും, ഇത് വരെ ക്ഷണം ലഭിക്കാത്തതിൽ ജെഡിഎസ് ക്യാമ്പിൽ നിരാശയുണ്ട്. 

'ഒരു യോഗത്തിനും ഇത് വരെ ഞങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഇത് വരെ സഖ്യസാധ്യതകളിൽ ആരുമായും ചർച്ച നടത്തിയിട്ടുമില്ല. എല്ലാ സഖ്യസാധ്യതയും പരിശോധിക്കുന്നുണ്ട്. പല ഓപ്ഷനുകളുണ്ടല്ലോ എന്നായിരുന്നു' എൻഡിഎ ക്ഷണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കുമാരസ്വാമിയുടെ പ്രതികരണം. 

അതേസമയം, ബെംഗളുരുവിലെ പ്രതിപക്ഷ നേതൃയോഗത്തിനെതിരെ രൂക്ഷ വിമർശനമാണ് കുമാരസ്വാമി ഉയർത്തിയത്. കർണാടകയിലെ കർഷക ആത്മഹത്യകൾ കാണാത്ത കോൺഗ്രസ് സർക്കാർ വെറും കടലാസ് യോഗങ്ങളിൽ പങ്കെടുത്ത് നടക്കുകയാണെന്ന് കുമാരസ്വാമി വിമർശിക്കുന്നു. എല്ലാ സഖ്യ സാധ്യതകളും പരിശോധിക്കുമെന്നാണ് കുമാരസ്വാമി പറയുന്നത്.

കർണാടകയിൽ ഇത് വരെ ബിജെപി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു നിയമസഭാ സമ്മേളനം പ്രതിപക്ഷനേതാവില്ലാതെ കർണാടകയിൽ കഴിഞ്ഞ് പോയത്. ബിജെപിയുമായി ചങ്ങാത്തം കൂടിയാൽ പ്രതിപക്ഷ നേതൃപദവി ഉറപ്പാക്കുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യം. പകരം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ സ്വാധീനമേഖലയായ ഓൾഡ് മൈസുരുവിൽ നാല് ലോക്സഭാ സീറ്റുകളിൽ ജയിപ്പിക്കുമെന്നതാകും ജെഡിഎസ്സിന്‍റെ വാഗ്ദാനം. സീറ്റ് വിഭജന ഫോർമുലയിൽ സമവായമായാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് എൻഡിഎ പാളയത്തിലാകും. അതല്ലെങ്കിൽ പാർട്ടിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലുമാകും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിർത്തി കടന്നാൽ മരണം ഉറപ്പ്! കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം