ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക്? ബിജെപിയുമായി ചര്‍ച്ച നടത്തും, കർണാടകയിൽ നാല് ലോക്സഭാസീറ്റുകളിൽ മത്സരിക്കും?

By Web TeamFirst Published Jun 7, 2023, 11:58 AM IST
Highlights

എൻഡിഎ സഖ്യത്തിലേക്ക് പോവുകയാണെന്ന് ദേവഗൗഡ പ്രഖ്യാപിച്ചാൽ കേരളത്തിൽ എൽഡിഎഫിനൊപ്പമുള്ള ജെഡിഎസ് എന്ത് ചെയ്യുമെന്നത് നിർണായകം

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് 11 മാസം മാത്രം ശേഷിക്കേ, ജെഡിഎസ് എൻഡിഎ പാളയത്തിലേക്ക് നീങ്ങുന്നെന്ന സൂചന ശക്തം. അമിത് ഷാ അടക്കമുള്ള നേതാക്കളുമായി ദേവഗൗഡയും കുമാരസ്വാമിയും സംസാരിച്ചേക്കും. സോഷ്യലിസ്റ്റ് വിചാരധാരയിൽ ഊന്നി വളർന്ന ദേവഗൗഡയുടെ ജെഡിഎസ്, കുമാരസ്വാമിയുടെ നേതൃത്വത്തിലേക്ക് നീങ്ങിയപ്പോൾ ബിജെപിക്ക് കൈ കൊടുക്കാൻ മുമ്പും മടിച്ചിട്ടില്ല. 2018-ലേത് പോലെ ഒരു കിംഗ് മേക്കറാകാൻ കഴിയാതിരുന്ന ജെഡിഎസ്സിന് ശക്തമായ ഒരു ദേശീയ സഖ്യത്തിൽ നിൽക്കേണ്ടത് നിലനിൽപ്പിന്‍റെ കൂടി ആവശ്യമാണ്.

നിതീഷ് കുമാർ വിളിച്ച് ചേർക്കാനിരിക്കുന്ന പ്രതിപക്ഷയോഗത്തിലേക്ക് ജെഡിഎസ്സിന് ക്ഷണമില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ഒഡിഷ റെയിൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും രാജി വയ്ക്കേണ്ടതില്ലെന്നും ദേവഗൗഡ പറഞ്ഞത് കൂടി ചേർത്ത് വായിച്ചാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ പാളയത്തിലേക്കാണ് ജെഡിഎസ് നീങ്ങുന്നതെന്നത് വ്യക്തമാണ്. സ്വാധീനമേഖലയായ ഓൾഡ് മൈസുരുവിൽ നാല് ലോക്സഭാ സീറ്റുകൾ വേണമെന്നതാകും ജെഡിഎസ്സിന്‍റെ ആവശ്യം.

എല്ലാം വരുന്നത് പോലെ കാണാമെന്നും ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കുമാരസ്വാമിയും വ്യക്തമാക്കുന്നു. ഇതിനിടെയാണ്, കർണാടകത്തിൽ സിദ്ധരാമയ്യ സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള ബെംഗളുരുവിൽ ദേവഗൗഡയെ കാണാനെത്തുന്നത്. പ്രതിപക്ഷ ഐക്യനിരയിലേക്ക് ജെഡിഎസ്സിനെ ചേർക്കുന്ന കാര്യം ചർച്ച ചെയ്യാൻ തന്നെയാണ് യോഗം. എൻഡിഎ പാളയത്തിലേക്ക് ജെഡിഎസ് നീങ്ങിയാൽ കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന സംസ്ഥാനഘടകം എന്തുചെയ്യുമെന്നതും നോക്കിക്കാണേണ്ടതാണ്

 

tags
click me!