
ബെംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നാണ് ജെഡിഎസ്സിന്റെ പ്രഖ്യാപനം. ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി പറയുന്നു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇന്നലെ ജെഡിഎസ് എംഎൽഎമാർ എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്ത് വേണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും കുമാരസ്വാമി അറിയിച്ചു.
അതേ സമയം, കർണാടകയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ ആദ്യ നിലപാട്. വോട്ടണ്ണലിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു മുൻ മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിയുടെ പ്രതികരണം. ജെഡിഎസ് ചെറിയ പാർട്ടിയാണ്. നിലവിൽ ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനങ്ങൾ അറിയിക്കാം. ഒരു പാർട്ടിയോടും ഇതുവരെ ഡിമാൻഡ് വെച്ചിട്ടില്ല. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. ആരും ഇതുവരെ താനുമായി ബന്ധപ്പെട്ടില്ലെന്നും ബിജെപിയും കോൺഗ്രസും ബന്ധപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്കിടെ കുമാര സ്വാമി വ്യക്തമാക്കിയിരുന്നു. അഭ്യൂഹങ്ങള്‍ക്കെല്ലാം ഒടുവിലാണ് ജെഡിഎസ് പുതിയ തീരുമാനമറിയിച്ചിരിക്കുന്നത്.
മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്നും അമുലിനെ പുറത്താക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമായിരുന്നു ജെഡിഎസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എൽ.സിയുമായ ബി.എം. ഫാറൂഖ് ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. അതുപോലെ കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.
കര്‍ണാടക നിയമസഭയെ നയിക്കാന്‍ മലയാളി,യു ടി ഖാദർ സ്പീക്കർ ആകും,സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam