കോൺ​ഗ്രസുമായി സഖ്യമില്ല: കർണാടകയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ്

By Asianet MalayalamFirst Published Oct 13, 2021, 5:38 PM IST
Highlights

സഖ്യസര്‍ക്കാരിന്‍റെ പതനം പാഠമാകണമെന്നാണ് പ്രവര്‍ത്തകരോട് കുമാരസ്വാമിയുടെ നിര്‍ദേശം. ബിജെപിയുമായാണ് പ്രധാന മത്സരം. ജെഡിഎസ് ഒറ്റയക്ക് മത്സരിക്കും

ബെംഗളൂരു:  കര്‍ണാടകയില്‍ (karnataka polls) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ് (JDS). ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിജെപിയും (BJP) ജെഡിഎസ്സും (JDS) തമ്മിലാകും മത്സരമെന്നും എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. ജെഡിഎസ്സിന്‍റെ പ്രസ്താവന കാര്യമായി എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

സഖ്യസര്‍ക്കാരിന്‍റെ പതനം പാഠമാകണമെന്നാണ് പ്രവര്‍ത്തകരോട് കുമാരസ്വാമിയുടെ നിര്‍ദേശം. ബിജെപിയുമായാണ് പ്രധാന മത്സരം. ജെഡിഎസ് ഒറ്റയക്ക് മത്സരിക്കും. 2023 തന്‍റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമാകുമെന്ന് വ്യക്തമാക്കിയ കുമാരസ്വാമി കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ചു. 13 കോണ്‍ഗ്രസ് എംഎല്‍എമാരാണ് 2019ല്‍ കുമാരസ്വാമി സര്‍ക്കാരിന് പിന്തുണപിന്‍വലിച്ച് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയത്. 

ഓപ്പറേഷന്‍ കമലത്തിന് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന് അറിയിച്ച കുമാരസ്വാമി ബിജെപിയുമായും വിട്ടുവീഴ്ചയക്കില്ലെന്ന് വ്യക്തമാക്കുന്നു.മൈസൂരു അടക്കം ദക്ഷിണകര്‍ണാടകയില്‍ ശക്തികേന്ദ്രമായ ജെഡിഎസ്സിനെ ഒപ്പംനിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് നീക്കം.എന്നാല്‍ കുമാരസ്വാമിയുടെ പ്രസ്താവന ഗൗരവത്തിലുള്ളതല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.യെദിയൂരപ്പയുടെ മാറ്റത്തോടെ ശക്തമായ ബിജെപിയിലെ ഭിന്നത നേട്ടമാകുമെന്ന കണക്കൂട്ടലിലാണ് കോണ്‍ഗ്രസ്.വീണ്ടും സഖ്യസര്‍ക്കാരിനുള്ള പദയാത്രയ്ക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് ജെഡിഎസ് നിലപാട് കടുപ്പിക്കുന്നത്. 

click me!