മകളുടെ വിവാഹത്തിനേക്കാൾ ആഡംബരത്തിൽ അയൽക്കാരന്‍റെ മകളുടെ കല്യാണം, അസൂയയിൽ വാക്കേറ്റം, കൊലപാതകം

Published : Feb 10, 2025, 05:57 PM IST
മകളുടെ വിവാഹത്തിനേക്കാൾ ആഡംബരത്തിൽ അയൽക്കാരന്‍റെ മകളുടെ കല്യാണം, അസൂയയിൽ വാക്കേറ്റം, കൊലപാതകം

Synopsis

നരേഷിന്‍റെ മകളുടെ വിവാഹത്തേക്കാൾ ആഡംബരമായാണ് പ്രകാശ് തന്‍റെ മകളുടെ വിവാഹം നടത്തിയത്. ഇതിനെ ചൊല്ലി അയൽവാസിയ നരേഷും മകനുമടക്കം പ്രകാശിനെതിരെ പരസ്യമായി വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു.

രാജ്‌കോട്ട്: മകളുടെ വിവാഹം ആഡംബരമായി നടത്തിയതിനെ ചൊല്ലി അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ സായ്‌ലയിലാണ് സംഭവം നടന്നത്. സായ്‌ല ഹോളിദാര്‍ വാസുകി നഗര്‍ സ്വദേശി ഹിമാത് പാണ്ഡ്യ(45) എന്നയാളാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ നരേഷ് അഘഹാരയുടെ മകളുടെ വിവാഹത്തെക്കാള്‍ ഗംഭീരമായി തന്റെ മകളുടെ വിവാഹം നടത്തിയതിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് ഹിമാതിന്റെ സഹോദരന്‍ പ്രകാശ് പാണ്ഡ്യ ആരോപിച്ചു.

സംഭവത്തിൽ പ്രകാശ് പാണ്ഡ്യയുടെ പരാതിയിൽ ഹിമാത് പാണ്ഡ്യയുടെ അയല്‍ക്കാരായ നരേഷ് അഘഹാരയടക്കം അഞ്ചുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. പ്രദേശത്ത് വിവാഹ ഡെക്കറേഷന്‍ കമ്പനി നടത്തിവരികയായിരുന്ന പ്രകാശ് പാണ്ഡ്യയുടെ മകളുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. അയൽക്കാരനായ നരേഷ് അഘഹാരയുടെ മകളുടെ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രകാശിന്‍റെ മകളുടെ വിവാഹം. നരേഷിന്‍റെ മകളുടെ വിവാഹത്തേക്കാൾ ആഡംബരമായാണ് പ്രകാശ് തന്‍റെ മകളുടെ വിവാഹം നടത്തിയത്. ഇതിനെ ചൊല്ലി അയൽവാസിയ നരേഷും മകനുമടക്കം പ്രകാശിനെതിരെ പരസ്യമായി വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി 19-നായിരുന്നു നരേഷിന്റെ മകളുടെ വിവാഹം. പിന്നാലെ ഫെബ്രുവരി ആറാം തീയതി പ്രകാശിന്റെ മകള്‍ ഉര്‍വശിയുടെ വിവാഹവും നടന്നു. വലിയ ആഗോഷ പരിപാടികളോടെ ഗംഭീരമായിരുന്നു ഉർവശിയുടെ വിവാഹമെന്നും ഇതിൽ അസൂയപൂണ്ട് നരേഷും കുടുംബവും തന്നെ അപമാനിക്കാനും ദുഷ്പ്രചരണം നടത്താനും മുന്നിലുണ്ടായിരുന്നുവെന്നാണ് പ്രകാശ് ആരോപിക്കുന്നത്. നരേഷിന്റെ മകന്‍ ഉമാങ്, പ്രകാശിന്റെ മകന്‍ ഗുഞ്ചന് സുഹൃത്തായ ആകാശിന്റെ ഫോണില്‍നിന്ന് കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയി ആക്ഷേപ സന്ദേശങ്ങൾ അയച്ചിരുന്നു. വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തും ആക്ഷേപം തുടർന്നു.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രകാശ് പാണ്ഡ്യയുടെ മകൻ ഗുഞ്ചനും ആകാശും തമ്മിൽ വഴക്കുണ്ടായി. പിന്നീട് പ്രകാശ് ഇക്കാര്യം ചോദിക്കാനായി നരേഷ് അഘഹാരയുടെ വീട്ടിലെത്തി. അപകീർത്തികരമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് നരേഷിന്‍റെ മകൻ ഉമാങിനെ പ്രകാശ് ശാസിച്ചു. ഇതിന് പിന്നാലെ  നരേഷും ഉമാങ്ങും ഇവരുടെ ചില ബന്ധുക്കളും ചേര്‍ന്ന് പ്രകാശിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വാക്കേറ്റം അക്രമത്തിലെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വലിയ സംഘർഷമുണ്ടായി. 

ഇതിനിടെയാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രകാശിന്‍റെ സഹോദരൻ ഹിമാതിനെ സംഘം ആക്രമിച്ചത്.  കത്തി, വാള്‍, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ഹിമാതിനെ ആക്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹിമാതിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും  സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More : വീടും പുരയിടവും അച്ഛൻ സഹോദരിയുടെ പേരിലെഴുതി, 40 കാരിയേയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്

PREV
Read more Articles on
click me!

Recommended Stories

ഹിന്ദി അറിയില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; വൈവിധ്യത്തിന്‍റെ യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് സുപ്രീംകോടതി ജഡ്ജി നാഗരത്ന
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്