വ്യാപകമായി നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു; എയര്‍ടെല്ലിനും വോഡാഫോണിനും എതിരെ പരാതിയുമായി ജിയോ

By Web TeamFirst Published Dec 14, 2020, 10:04 PM IST
Highlights

ജിയോയ്ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ വരുന്നത്. 

ദില്ലി: കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയയ്ക്കുമെതിരേ ട്രായിയില്‍ പരാതിയുമായി ജിയോ. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിധാരണ പടര്‍ത്തുന്നതിന്‍റെ പേരില്‍ എയര്‍ടെല്ലിനും വോഡൊഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്. 

ജിയോയ്ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ വരുന്നത്. റിലയന്‍സ് ജിയോ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് ഒരു പരാതിയുമില്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്താന്‍ ഏജന്‍റുമാരേയും റീട്ടെയിലേഴ്സിനേയും ജീവനക്കാരേയും നിയോഗിക്കുന്നു. 

ജിയോയെ അപമാനിക്കാന്‍ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രചാരണങ്ങള്‍ തങ്ങള്‍ ബഹുദൂരം പിന്നിലാക്കിയ കമ്പനികള്‍ ചെയ്യുന്നതായും ട്രായിക്കുള്ള പരാതിയില്‍ ജിയോ വിശദമാക്കുന്നു. നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള വലിയ രീതിയിലുള്ള ക്യാപെയ്നാണ് നടക്കുന്നതെന്നും ജിയോ വിശദമാക്കുന്നു. നേരത്തെ കര്‍ഷക സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു. ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു.  

സെപ്തംബറിൽ മാത്രം എയർടെൽ 3.78 ദശലക്ഷം സബ്സ്ക്രൈബർമാരെ നേടിയപ്പോൾ ജിയോ നേടിയത് 1.46 ദശലക്ഷം സബ്സ്ക്രൈബർമാരെയാണ്. ആഗസ്റ്റിൽ 29 ലക്ഷം സബ്സ്ക്രൈബേർസിനെയാണ് എയർടെൽ കൂട്ടിച്ചേർത്തത്. ജിയോ നേടിയതാകട്ടെ 18.6 ദശലക്ഷം പേരെയാണ്. ജൂലൈ വരെ ജിയോയാണ് ഈ കണക്കിൽ മുന്നിലുണ്ടായിരുന്നത്.

click me!