ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം; കോൺഗ്രസിൽ വിമർശനം ശക്തം, നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ

By Web TeamFirst Published Jun 10, 2021, 3:36 PM IST
Highlights

ജിതിൻ പ്രസാദയുടെ പേര് പറയാതെ  പ്രമുഖ നേതാവ് പാർട്ടിയിൽ ചേരുമെന്നായിരുന്നു ഇന്നലത്തെ ബിജെപിയുടെ ട്വീറ്റ്. ഇതിന് പിന്നാലെ ചർച്ചയായ കോൺഗ്രസിലെ നേതാക്കളുടെ പേരുകൾ മാത്രം കണക്കാക്കിയാൽ മതി പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാൻ. 

ദില്ലി: ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനം വീണ്ടും ശക്തമാകുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കപിൽ സിബലും പാരമ്പര്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വീരപ്പമൊയ്ലിയും വിമർശിച്ചു. അതേസമയം രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉയർത്തുന്ന എതിർപ്പ് പാർട്ടിക്ക് വീണ്ടും തലവേദനയാവുകയാണ്

ജിതിൻ പ്രസാദയുടെ പേര് പറയാതെ  പ്രമുഖ നേതാവ് പാർട്ടിയിൽ ചേരുമെന്നായിരുന്നു ഇന്നലത്തെ ബിജെപിയുടെ ട്വീറ്റ്. ഇതിന് പിന്നാലെ ചർച്ചയായ കോൺഗ്രസിലെ നേതാക്കളുടെ പേരുകൾ മാത്രം കണക്കാക്കിയാൽ മതി പാർട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാൻ. ജിതിൻ പ്രസാദ പാർട്ടി വിട്ടതോടെ രാഷ്ട്രീയ ശ്രദ്ധ രാജസ്ഥാനിലേക്ക് മാറുകയാണ്. സച്ചിൻ പൈലറ്റ് ഉയർ‍ത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻറ് രൂപികരിച്ച സമിതി ഇതു വരെ ചേർന്നിട്ടില്ല. 

എന്നാൽ പ‌ഞ്ചാബിലെ പ്രശ്നം പരിഹരിക്കാൻ അതേ നേതൃത്വം അടിയന്തരമായി ഇടപെട്ടത് സച്ചിൻ പൈലറ്റിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശത്തോടെ കോൺഗ്രസിലെ വിമത നേതാക്കളും വിമർശനം ശക്തമാക്കി. പാരമ്പര്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന്  മുതിർന്ന നേതാവ് വീരപ്പ മൊയ്‍ലി തുറന്നടിച്ചു. നേതാക്കളെ പ്രോതാസിപ്പിക്കുമ്പോൾ അവരുടെ പ്രത്യയശാസ്ത്ര പ്രതിബന്ധത കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് വീരപ്പമൊയ്ലി പറഞ്ഞത് പല നേതാക്കളുടെയും നിലപാടുകളെ  ഉദ്ദേശിച്ചുകൂടിയാണ്. 

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബലും ഇന്ന് രംഗത്തെത്തി. നേതൃത്വം ചർച്ചക്ക് തയ്യാറാകുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുന്നില്ലെന്നുമായിരുന്നു വിമർശനം. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ വൈകാതെ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന. സച്ചിൻ പൈലറ്റിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നതും വിമതനീക്കത്തിന് നേതൃത്വം നൽകുന്ന ഗുലാം നബി ആസാദിന് രാജ്യസഭ സീറ്റ് നൽകുന്നതും പരിഗണിച്ചേക്കും. അതിനിടെ പഞ്ചാബിലെ പ്രശ്നം പരിഹരിക്കാനായി നിയോഗിച്ച മൂന്നംഗ സമിതി ഉടൻ സോണിയഗാന്ധിക്ക് റിപ്പോർട്ട് നൽകും. നവ്ജ്യോത് സിങ് സിദ്ധുവിന് മന്ത്രിസഭയിലോ പാർട്ടിയിലോ ഉയ‍ർന്ന പദവി നൽകി പ്രശ്നപരിഹാരം കണ്ടെത്താനാണ് ഹൈക്കമാൻറ് ശ്രമം.

click me!