ജെഎൻയു സമരം; അനുനയ നീക്കവുമായി കേന്ദ്രം; വിദ്യാർത്ഥി നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു

By Web TeamFirst Published Nov 18, 2019, 6:41 PM IST
Highlights
  • വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്‌സണും എസ്എഫ്ഐ നേതാവുമായ ഐഷ ഘോഷ് അടക്കമുള്ളവർ ചർച്ചയ്ക്കായി പോയി
  • ദിവസങ്ങളോളം നീണ്ട സമരത്തിനൊടുവിലാണ് വിദ്യാർത്ഥി പ്രതിനിധികളെ മന്ത്രാലയം ചർച്ചയ്ക്ക് ക്ഷണിച്ചു

ദില്ലി: ജെഎൻയു വിദ്യാർത്ഥി സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ അനുനയ നീക്കവുമായി മാനവ വിഭവ ശേഷി മന്ത്രാലയം. ദിവസങ്ങളോളം നീണ്ട സമരത്തിനൊടുവിൽ വിദ്യാർത്ഥി പ്രതിനിധികളെ മന്ത്രാലയം ചർച്ചയ്ക്ക് ക്ഷണിച്ചു.

വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് നീക്കം. വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്‌സണും എസ്എഫ്ഐ നേതാവുമായ ഐഷ ഘോഷ് അടക്കമുള്ളവർ ചർച്ചയ്ക്കായി പോയി.

ജെഎൻയുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിൻവാങ്ങാതിരുന്നതാണ് ഇന്നും സംഘർഷത്തിന് കാരണമായത്. ഇതിന് ശേഷം ഐഷ ഘോഷ് അടക്കം 60 ഓളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സഫ്‌ദർജംഗ് ശവകുടീരത്തിന് മുന്നിൽ ശക്തമായ സമരം നടത്തിയ വിദ്യാർത്ഥികൾ ഇവരുടെ മോചനം ആവശ്യപ്പെട്ടു. പിന്നീടാണ് വിദ്യാർത്ഥികളെ വിട്ടയച്ചത്.

ഹോസ്റ്റൽ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് സഫ്ദർ ജംഗ് ശവകുടീരത്തിന് മുൻപിൽ പൊലീസ് തടഞ്ഞിരിക്കുകയാണ്. പൊലീസുമായുള്ള സംഘർഷത്തിന് ശേഷം പല വഴികളിലേക്ക് പിരിഞ്ഞ വിദ്യാർത്ഥികൾ പ്രധാന പാതയിൽ നിന്നും വീണ്ടും മാർച്ച് പുനരാരംഭിച്ചു. സഫ്ദർജംഗ് ശവകുടീരത്തിന് മുന്നിൽ പൊലീസ് വീണ്ടും മാർച്ച് തടഞ്ഞു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കാതെ മാർച്ച് അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ കടുത്ത നിലപാടെടുത്തു. ഇതോടെയാണ് കന്റോൺമെന്റ് പൊലീസ് വിദ്യാർത്ഥികളെ വിട്ടയച്ചത്.

ജെഎൻയുവിൽ പൊലീസ് പ്രഖ്യാപിച്ച നിരോധാജ്ഞ ലംഘിച്ച വിദ്യാർത്ഥികൾ, പ്രധാന ഗേറ്റിലെ ബാരിക്കേഡുകൾ തകർത്ത് പുറത്ത് ഇറങ്ങി. പ്രധാന പാതയ്ക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകളും വിദ്യാർത്ഥികൾ തകർത്തു. ഇതോടെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. മുന്നോട്ട് വന്ന വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പലവഴിക്ക് വിഘടിച്ച് പോയ വിദ്യാർത്ഥികൾ ദില്ലിയിലെ പ്രധാന പാതയിൽ സംഘടിക്കുകയും മാർച്ച് തുടരുകയുമായിരുന്നു. ദില്ലിയിലെ  സഫ്ദർജംഗ് ടോംബിന് മുന്നിൽ ജാഥ പൊലീസ് വീണ്ടും തടഞ്ഞു.

ഫീസ് വർധനവ് പിൻവലിക്കുന്നത് അടക്കം വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര മാനവിഭവ ശേഷം മന്ത്രാലയം ഉന്നധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. വർധന പൂർണ്ണമായും പിൻവലിക്കാതെ പിന്നോട്ട് പോകില്ലെന്ന് വിദ്യാർത്ഥികൾ ഉറച്ച നിലപാടെടുത്തു.

ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ തീരുമാനിച്ചു. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്. 

click me!