'ഷര്‍ജീല്‍ ഇമാമിന്‍റെ കൈ വെട്ടണം'; അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ ശിവസേന

By Web TeamFirst Published Jan 30, 2020, 6:59 PM IST
Highlights

''ഒരു ഷര്‍ജീല്‍ അറസ്റ്റിലായി. പക്ഷേ മറ്റൊരു ഷര്‍ജീല്‍ ഉദയം ചെയ്യാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്‍റെ ചുമലിലാണ്..''

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെതിരെ ശിവസേന. ഷര്‍ജീല്‍ ഇമാമിന്‍റെ കൈകള്‍ വെട്ടിയെടുക്കണമെന്ന് മുഖപത്രമായ സാംനയിലൂടെ ശിവസേന ആവശ്യപ്പെട്ടു. ''ഷര്‍ജീലിന്‍റെ കൈ വെട്ടിയെടുത്ത് 'ചിക്കന്‍സ് നെക്ക്' കോറിഡോറിലെ ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണം. '' മുഖപ്രസംഗത്തില്‍ സേന വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് അസ്സം വേര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രസംഗത്തില്‍ പ്രതിപാതിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റമാണ് ഷര്‍ജീലിനെതിരെ ചുമത്തിയിരിക്കുന്നത്.  

''ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള തര്‍ക്കത്തിന്‍റെ ആക്കം കൂട്ടാനുള്ള ശ്രത്തിന്‍റെ ഭാഗമാണ്. അഫ്ഘാനിസ്ഥാനിലും ഇറാഖിലും നിലനില്‍ക്കുന്ന ആഭ്യന്തരകലാപത്തിന് സമാനമായ അവസ്ഥ ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്'' - ശിവസേന ആരോപിച്ചു. ''അര്‍ബന്‍ നക്സലുകള്‍ ഇവിടെ ഇപ്പോള്‍ത്തന്നെയുണ്ട്. ഒരു ഷര്‍ജീല്‍ അറസ്റ്റിലായി. പക്ഷേ മറ്റൊരു ഷര്‍ജീല്‍ ഉദയം ചെയ്യാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്‍റെ ചുമലിലാണ്. എന്നാല്‍ ഷര്‍ജീലിന്‍റെ പ്രസ്താവന  ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപി ഉപയോഗിക്കുന്നുണ്ട്. അയാളുടെ വാക്കുകള്‍ ദേശവിരുദ്ധവും വിപചകന്‍റേതുമാണ്'' - ശിവസേന പറഞ്ഞു. 

രാജ്യദ്രോഹക്കുറ്റം ചുമത്തി ഇയാളെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാറിലെ ജെഹനബാദില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇയാളുടെ ജന്മനാടാണിത്. ദേശവിരുദ്ദ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഷര്‍ജീല്‍ ഇമാമിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചു മാറ്റണം എന്നും മറ്റും ആഹ്വാനം ചെയ്തു കൊണ്ട് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്.  

പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍റെ ഐക്യത്തിന് തന്നെ വെല്ലുവിളിയാവുന്നതാണെന്ന് ഷര്‍ജീലിനെതിരായ എഫ്ഐആര്‍ വിശദമാക്കുന്നു.  വര്‍ഗീയപരമായ വിദ്വേഷം പരത്താനും ഈ പ്രസംഗം കാരണമായെന്നും എഫ്ഐആര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജനുവരി 13 ന് ഷര്‍ജീല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. ജാമിയ മിലിയയിലും സമാനമായ പ്രസംഗം ഷര്‍ജീല്‍ ഇമാം നടത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രസംഗങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും പൊലീസ് എഫ്ഐആറില്‍ വിശദമാക്കുന്നു. 

നേരത്തെ ഷര്‍ജീല്‍ ഇമാമിന്റെ വിവാദപ്രസ്താവനയെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യ ഒരു രാജ്യമാണ്, അല്ലാതെ കോഴിയുടെ കഴുത്തല്ല. ഇന്ത്യയെ തകർക്കാനോ വേർപ്പെടുത്താനോ കഴിയില്ലെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഇന്ത്യയെയോ ഇന്ത്യയിലെ മറ്റെതെങ്കിലും പ്രദേശത്തേയോ തകർക്കാൻ ആർക്കും കഴിയില്ല. ഇത്തരം പ്രസ്താവനകൾ അം​ഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം അര്‍ത്ഥശൂന്യമായ സംഭാഷണങ്ങൾ പൊറുക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു. അലിഗഡ്​ മുസ്​ലിം സർവകലാശാലയിൽ ഷര്‍ജീല്‍ ഇമാമിന്റെ പ്രസം​ഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവ് സാംപിത് പത്രയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.

click me!