
ദില്ലി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്. ഇടത് എംപിമാരെ എതിര്‍ത്ത ജയറാം രമേശ് രമേശിനോട് ഒരു സിപിഐ നേതാവിന്‍റെ പേര് പറഞ്ഞാല്‍ ഒരു ലക്ഷം രൂപ തരാമെന്ന് സന്തോഷ് കുമാര്‍ എംപി വെല്ലുവിളിച്ചു. ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ സ്വാകാര്യ ബില്ലവതരിപ്പിച്ച കോണ്‍ഗ്രസ് എംപി ജെബി മേത്തറെ രാഹുല്‍ വിഷയം പരാമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി പരിഹസിച്ചു. പോക്സോ ബില്ലില്‍ ഭേദഗതി, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരായ പുതിയ നിയമ നിര്‍മ്മാണം തുടങ്ങിയുള്ള സ്വകാര്യ ബില്ലവതരണ വേളയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ചെയ്തികളും രാജ്യസഭയില്‍ ചര്‍ച്ചയായത്. കര്‍ണ്ണാടകത്തിലെ യെദിയൂരപ്പയെ പരോക്ഷമായി പരാമര്‍ശിച്ച സന്തോഷ് കുമാര്‍ എംപി കേരളത്തില്‍ കത്തി നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളും ചൂണ്ടിക്കാട്ടി. പ്രസംഗത്തിലിടപെട്ട കോണ്‍ഗ്രസ് എംപി ജയറാം രമേശ് സിപിഎം സിപിഐ നേതാക്കളുടെയും പേരുകള്‍ പറയുമെന്ന് തിരിച്ചടിച്ചു.
ഇത്തരം പരാതികളില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് നിര്‍ദേശിച്ച സന്തോഷ് കുമാര്‍ പാര്‍ട്ടി ഭരണഘടനകളിലും ഇക്കാര്യം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിന് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്ന പുതിയ നിയമ നിര്‍മ്മാണം സ്വകാര്യ ബില്ലായാവതരിപ്പിച്ച ജെബി മേത്തല്‍ എംപിക്കെതിരെ ജോണ്‍ ബ്രിട്ടാസ് രൂക്ഷമായ പരിഹാസം ഉയര്‍ത്തി. രാജ്യസഭയില്‍ വലിയ വര്‍ത്തമാനം പറയുന്ന ജെബി മേത്തര്‍ സഹപ്രവര്‍ത്തകന്‍ പ്രതിയായ കേസില്‍ വാ തുറന്നിട്ടില്ലെന്ന ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് പാര്‍ലമെന്‍റില്‍ പരാമര്‍ശിച്ച് ദേശീയ തലത്തിലും ചര്‍ച്ചയാക്കി. ലൈംഗിക പീഡനക്കേസിന്‍റെ പേരില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ തമ്മിലിടച്ചത് ബിജെപിക്കും പുതിയ ചര്‍ച്ചാവിഷയമായി.