നന്ദിപ്രമേയചർച്ചക്ക് രാജ്യസഭയിൽ മറുപടി നൽകാൻ മോദി; ഭാവിസമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കർഷകർ

By Web TeamFirst Published Feb 8, 2021, 6:50 AM IST
Highlights

ലോക്സഭയിൽ മറുപടി പറയാതെ രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കുന്നത് അപൂർവ്വമാണ്. ബജറ്റ് ചർച്ചയ്ക്ക് ശേഷം ലോകസഭയിൽ 
കാർഷിക വിഷയങ്ങൾ പരിഗണിക്കാം എന്ന സർക്കാർ നിർദ്ദേശം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. കാർഷിക നിയമങ്ങളിലുള്ള നിലപാടും പ്രധാനമന്ത്രി സഭയിൽ ആവർത്തിച്ചേക്കും. പതിനഞ്ച് മണിക്കൂർ നീണ്ടു നിന്ന ചർച്ചയാണ് രാജ്യസഭയിൽ നടന്നത്. ലോക്സഭയിൽ ഇതുവരെ ചർച്ച നടത്താനായിട്ടില്ല. ലോക്സഭയിൽ മറുപടി പറയാതെ രാജ്യസഭയിൽ പ്രധാനമന്ത്രി സംസാരിക്കുന്നത് അപൂർവ്വമാണ്. ബജറ്റ് ചർച്ചയ്ക്ക് ശേഷം ലോകസഭയിൽ കാർഷിക വിഷയങ്ങൾ പരിഗണിക്കാം എന്ന സർക്കാർ നിർദ്ദേശം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.

അതേസമയം, സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് ചേർന്നേക്കും. ഭാവി സമരപരിപാടികളും ചർച്ചയാകും. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ കർഷകരുടെ മഹാ പഞ്ചായത്ത് ചേരുകയാണ്. സിംഘു ഉൾപ്പെടെ സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ കനത്ത സുരക്ഷ തുടരുകയാണ്. ഇതിനിടെ ചെങ്കോട്ടയിൽ ആക്രമണത്തിന് നേതൃത്വം നൽകിയ സുഖ്ദേവ് സിങ്ങ് എന്നയാൾ പിടിയിലായി. ഇതോടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 127 ആയി.

click me!