
ദില്ലി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് എത്തി നിക്കവേ കർഷകർക്ക് കർശന നിർദ്ദേശങ്ങളുമായി സംയുക്ത കിസാൻ മോർച്ച. റാലിക്കെത്തുന്ന ഒരു ട്രാക്ടറിൽ അഞ്ച് പേരിൽ കൂടൂതൽ പാടില്ലെന്നും ട്രാക്ടറിൽ ദേശീയ പതാകയും കർഷക സംഘടനകളുടെയും പതാകകളും മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളുവെന്നും സംയുക്ത കിസാൻ മോർച്ച നിർദ്ദേശിച്ചു.
പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. പൊലീസും റാലിയുടെ ഭാഗമെന്ന് ഓർക്കണം. ലഹരിയോ മറ്റു പദാർത്ഥങ്ങളോ ഉപയോഗിക്കരുത്. വടിയോ, ആയുധങ്ങളോ കൈയിൽ കരുതരുത്. സംയുക്ത കിസാൻ മോർച്ചയുടെ നവ മാധ്യമ അക്കൗണ്ടുകൾ പിൻതുടർന്ന് വിവരങ്ങൾ അറിയാം. തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള യതൊരു മുദ്രവാക്യവും പാടില്ല. സമരത്തെ സംബന്ധിക്കുന്ന ബാനറുകൾ മാത്രം ട്രാക്ടറിൽ പ്രദർശിപ്പിക്കാൻ പാടുള്ളു. ഉച്ചത്തിൽ പാട്ട് വെക്കാൻ പാടില്ല. റാലിയുടെ മുൻനിരയെ കടന്നു ഒരു ട്രാക്ടറും പോകരുത് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
തലസ്ഥാന നഗരത്തെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം. റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ദില്ലി അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam