
ദില്ലി: ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞത് മുതൽ അടുത്ത ഉപരാഷ്ട്രപതി ആരാകും എന്ന ചർച്ചകളും സജീവമാണ്. ബി ജെ പിയിൽ നിന്നുള്ള ആരെങ്കിലുമായിരിക്കണം അടുത്ത ഉപരാഷ്ട്രപതിയെന്ന നിലയിലാണ് രാജ്യം ഭരിക്കുന്ന പാർട്ടിക്കുള്ളിലും ആർ എസ് എസിലും ചർച്ചകൾ പുരോഗമിക്കുന്നത്. എൻ ഡി എ സഖ്യത്തിന് ഭൂരിപക്ഷമുള്ളതിനാൽ തന്നെ ബി ജെ പി തീരുമാനമെടുത്താൽ ആരായാലും അനായാസം ജയിച്ചു കയറുകയും ചെയ്യുമെന്നുറപ്പാണ്. പല പേരുകളും ആദ്യം മുതലേ ഉയർന്നു കേട്ടെങ്കിലും എൻ ഡി എയിലും ബി ജെ പിയിലും ഇപ്പോൾ അഞ്ച് പേരിലേക്ക് ചർച്ച ചുരുങ്ങിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദയാണ് ഇതിൽ ഏറ്റവും പ്രമുഖൻ. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, മുൻ കേരള ഗവർണറും ഇപ്പോൾ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി എന്നിവരാണ് പ്രധാനമായും പരിഗണനയിലുള്ള മറ്റ് നാലുപേർ.
അടുത്ത ഉപ രാഷ്ട്രപതി ആരാകും എന്ന കാര്യത്തിൽ ഇന്ന് തീരുമാനം അറിയാമെന്നാണ് വിവരം. ഉപ രാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ബി ജെ പി പാർലമെൻററി ബോർഡ് യോഗം ഇന്ന് ചേരുന്നുണ്ട്. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണായകം. പാർലമെൻററി ബോർഡ് യോഗത്തിനിടെ എൻ ഡി എ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. ഇതിന് ശേഷം പുതിയ ഉപ രാഷ്ട്രപതിയുടെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കാം. ചൊവ്വാഴ്ച എൻ ഡി എ പാർലമെന്‍ററി പാർട്ടി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ സഖ്യത്തിന്റെ തീരുമാനം നാളെയായിരിക്കും. നാമനിർദേശ പത്രിക നൽകാൻ 21 -ാം തിയതി വരെയാണ് സമയം. നാമനിർദ്ദേശപത്രിക നൽകുന്ന ദിവസം എൻ ഡി എയുടെ എല്ലാ മുഖ്യമന്ത്രിമാരോടും ഉപ മുഖ്യമന്ത്രിമാരോടും ദില്ലിയിലെത്താൻ നിർദ്ദേശിച്ചായി സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.
ജൂലായ് 21 നാണ് ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ രാജിവച്ചത്. 2027 ഓഗസ്റ്റ് വരെ കാലാവധിയുള്ളപ്പോഴാണ് ജഗ്ദീപ് ധൻകറിന്റെ രാജി. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് പറയുമ്പോഴും നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.