
ദില്ലി: വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിൽ ചോദ്യങ്ങളുമായി ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ രംഗത്ത്. വോട്ട് ബാങ്കായി മുസ്ലീങ്ങളെ കണ്ടിട്ടില്ലെങ്കിൽ പിന്നെ ചർച്ചയിൽ പങ്കെടുക്കുന്നതിലെ തടസമെന്തായിരുന്നു എന്ന ചോദ്യമാണ് ജെ പി സി ചെയർമാൻ ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കോൺഗ്രസിന് ഒരാശങ്കയുമില്ലെന്നും അതാണ് വഖഫ് ബില്ലിലെ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാക്കുന്നതെന്നും ജഗദാംബിക പാൽ കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി വിട്ടു നിന്നതിന്‍റെ കാരണവും മറ്റൊന്നല്ലെന്ന് ജഗദാംബിക പാൽ അഭിപ്രായപ്പെട്ടു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ഇടതുമുന്നണിയിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടതാണ്. കേരള കോൺഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരിൽ പറഞ്ഞു. ക്രിസ്ത്യൻ സഭകളുടെ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനത്തോടും ജോസ് കെ മാണി പ്രതികരിച്ചു. സഭകളുടെ സ്വത്തുക്കൾ പൊതു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. പള്ളിയോട് ചേർന്നു പള്ളിക്കൂടങ്ങൾ ആണുള്ളത്. അദ്വാനിയും പിയൂഷ് ഗോയലും അടക്കം അത്തരം സ്ഥാപനങ്ങളെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ക്രൈസ്തവ സമുദായം ആർജ്ജിച്ച സ്വത്തുക്കൾ ആരെങ്കിലും കണ്ണു വെക്കും എന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ചാണ് രാജ്യസഭയിൽ ജോസ് കെ മാണി വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫിനെ മറ്റ് അംഗങ്ങൾക്കൊപ്പം പൊതു വോട്ടെടുപ്പിൽ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എം പിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്‌തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam