പോക്‌സോ കേസില്‍ വിവാദ വിധി; ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടിയുമായി കേന്ദ്രം, കാലാവധി കുറച്ചു

By Web TeamFirst Published Feb 13, 2021, 8:24 PM IST
Highlights

ഹെക്കോടതി അഡീഷണല്‍ ജഡ്ജിയായി  ഇവരുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം കേന്ദ്രം ഒരു വര്‍ഷമായി വെട്ടിച്ചുരുക്കി.
 

ദില്ലി: പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേദിവാലക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ കാലാവധി ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി  ഇവരുടെ കാലാവധി രണ്ട് വര്‍ഷമായി നീട്ടാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം കേന്ദ്രം ഒരു വര്‍ഷമായി വെട്ടിച്ചുരുക്കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കി.

അഡീഷണല്‍ ജഡ്ജി എന്ന അവരുടെ സ്ഥാനം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞ മാസം സുപ്രീം കോടതി പിന്‍വലിച്ചിരുന്നു. അപൂര്‍വമായാണ് സുപ്രീം കോടതി ഇത്തരം നടപടിയെടുക്കാറ്. പോക്‌സോ കേസില്‍ രണ്ട് വിവാദ വിധിയാണ് ഇവര്‍ പുറപ്പെടുവിച്ചത്. ഇത് ദേശീയശ്രദ്ധ നേടിയിരുന്നു. സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം പിന്‍വലിച്ച സുപ്രീം കോടതി പാനല്‍, അഡീഷണല്‍ ജഡ്ജി എന്ന സ്ഥാനം രണ്ട് വര്‍ഷം നീട്ടണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.

പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുമ്പോള്‍ സ്‌കിന്‍ ടു സ്‌കിന്‍ ബന്ധമില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും ഇരയുടെ സിബ് തുറക്കുന്നത് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു ഇവരുടെ വിവാദ വിധികള്‍. ഈ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2007ലാണ് ഇവരെ ജഡ്ജിയായി നിയമിക്കുന്നത്. 2019ല്‍ ബോംബെ ഹൈക്കോടതി സ്‌പെഷ്യല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കി.
 

click me!