'അത് മനഃസാക്ഷിയുടെ വോട്ട്, ഉറച്ചുനില്‍ക്കുന്നു': സ്വവര്‍ഗ വിവാഹത്തിലെ ന്യൂനപക്ഷ വിധിയെ കുറിച്ച് ചീഫ് ജസ്റ്റിസ്

Published : Oct 24, 2023, 09:26 AM ISTUpdated : Oct 24, 2023, 09:30 AM IST
'അത് മനഃസാക്ഷിയുടെ വോട്ട്, ഉറച്ചുനില്‍ക്കുന്നു': സ്വവര്‍ഗ വിവാഹത്തിലെ ന്യൂനപക്ഷ വിധിയെ കുറിച്ച് ചീഫ് ജസ്റ്റിസ്

Synopsis

ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധികൾ പലപ്പോഴും മനഃസാക്ഷിയുടെ വോട്ടാണെന്നും സ്വവർഗ വിവാഹ കേസിൽ തന്റെ ന്യൂനപക്ഷ വിധിയിൽ ഉറച്ചുനില്‍ക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

മസാച്യുസെറ്റ്സ്: ഇന്ത്യയുടെ ജുഡീഷ്യറിയിൽ അടിസ്ഥാന വർഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചരിത്രപരമായ അനീതികള്‍ തിരുത്തണം. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നല്‍കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഞായറാഴ്ച അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ബ്രാൻഡെയ്സ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അംബേദ്കറിനെ കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിസെൻസസ് ചർച്ചയാകുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ നിലപാട് പറഞ്ഞത് എന്നതാണ് ശ്രദ്ധേയം. 

"ചരിത്രപരമായ അനീതികൾ തിരിച്ചറിയുന്നതിന് നിയമ പരിഷ്കരണത്തില്‍ നിര്‍ണായക പങ്കുണ്ട്. മുൻകാല പിഴവുകള്‍ പരിഹരിക്കുന്നതിനും കൂടുതൽ നീതിയുക്തമായ സമൂഹത്തിനായി പ്രവർത്തിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന നിയമവ്യവസ്ഥ ആവശ്യമാണ്"- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

'ഇന്നലെ വേദനിച്ചു, ഇന്ന്...': സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ നിശ്ചയം നടത്തി സ്വവർഗാനുരാഗികൾ

അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ഭരണഘടന ഒരു സംരക്ഷണ കവചമായി വർത്തിക്കും എന്നതാണ് അംബേദ്കറുടെ ഭരണഘടനാവാദമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. എല്ലാ പൗരന്മാരുടെയും അവകാശങ്ങളുടെ സംരക്ഷണം ഭരണഘടന ഉറപ്പാക്കണമെന്നും അംബേദ്കര്‍ വിഭാവനം ചെയ്തു. കേവലം പ്രാതിനിധ്യത്തിന് അപ്പുറമുള്ള പരിഷ്കരണം ഉണ്ടാവണം. എങ്കിലേ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് തീരുമാനമെടുക്കൽ പ്രക്രിയകളിൽ പങ്കാളികളാവാന്‍ കഴിയൂ എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധികൾ പലപ്പോഴും മനഃസാക്ഷിയുടെ വോട്ടാണെന്നും സ്വവർഗ വിവാഹ കേസിൽ തന്റെ ന്യൂനപക്ഷ വിധിയിൽ ഉറച്ചുനില്‍ക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 1950ൽ സുപ്രീംകോടതിയുടെ തുടക്കം മുതൽ ഇന്നു വരെ പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് വിധികളിൽ, ചീഫ് ജസ്റ്റീസിന്‍റെ വിധി ന്യൂനപക്ഷ വിധിയില്‍ ഉള്‍പ്പെട്ട 13 സന്ദർഭങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ലോ സെന്ററിൽ പ്രഭാഷണം നടത്തുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്.

സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നൽകാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്‍കുന്നതെന്നും ഇത് വിവേചനമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്‍റെ വിധിപ്രസ്താവത്തിൽ പറഞ്ഞു. ജസ്റ്റിസ് എസ് കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി