
ഭുവനേശ്വര്‍: കൈക്കൂലി കേസിൽ ജൂനിയർ ക്ലര്‍ക്കിനെ അറസ്റ്റ് ചെയ്ത ഒഡീഷ വിജിലൻസ്. 20,000 രൂപ കൈക്കൂലി വാങ്ങിയതിന് ഖണ്ഡഗിരി സബ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ ദേബജനി കർ ആണ് പിടിയിലായത്. ഡിസംബർ ഒമ്പതിന് ഒരു സബ്‌പ്ലോട്ടിന്‍റെ രജിസ്‌റ്റർ ചെയ്‌ത സെയിൽ ഡീഡ് (ആർഎസ്‌ഡി) എക്‌സിക്യൂഷൻ ചെയ്യുന്നതിന് ഒരു വ്യക്തിയിൽ നിന്ന് ക്ലര്‍ക്ക് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
അറസ്റ്റിനെ തുടർന്ന് സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തിലധികം രൂപയുടെ പണമായി കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർക്കെതിരെ ഏജൻസി കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചത് അനുസരിച്ച് വിജിലൻസ് ഒരു പ്ലാൻ തയാറാക്കിയാണ് ക്ലര്‍ക്കിനെ കുടുക്കിയത്.
ഇതനുസരിച്ച് പണം നല്‍കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇവരെ കയ്യോടെ പിടികൂടിയത്. പിന്നീട് ഭുവനേശ്വറിലെ ഓൾഡ് ടൗണിലുള്ള യുവതിയുടെ വസതിയിലും ഓഫീസ് മുറിയിലും ഒരേസമയം പരിശോധന നടത്തി. സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 15 ലക്ഷം രൂപയും അഴിമതി വിരുദ്ധ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഭീമമായ തുകയുടെ ഉറവിടം പരിശോധിക്കുകയാണെന്നും വിജിലൻസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam