
കൊച്ചി: ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ 13 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1599 രൂപ മുതലുള്ള ഓഫർ നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും.
ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെയുള്ള യാത്രക്കായുള്ള എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് നേരത്തെ ബുക്ക് ചെയ്‌താൽ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്‌ക്ക് 1300 രൂപയും മാത്രമാണ് ഈടാക്കുക.
എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ ലോയൽറ്റി അംഗങ്ങൾക്ക് 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്‌പ്രസ് ബിസ് വിഭാഗത്തിലേക്ക് 25 ശതമാനം കിഴിവിൽ ടിക്കറ്റ് എടുക്കാമെന്നും അറിയിപ്പിലുണ്ട്. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ 30 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകൾ ലഭ്യമാണ്. വിപുലീകരണത്തിന്‍റെ ഭാഗമായി ആഴ്ച തോറും ഒരോ പുതിയ വിമാനം വീതം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്തുന്നുണ്ട്.
ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ഡോക്ടര്‍, നഴ്‌സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്‌സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam