
മുംബൈ: കോടതിക്കുള്ളിൽ ജഡ്ജി രാജി പ്രഖ്യാപനം നടത്തുന്നത് രാജ്യത്ത് അധികം കണ്ടിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെയൊരു രാജി പ്രഖ്യാപനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. ബോംബെ ഹൈക്കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. ജസ്റ്റിസ് രോഹിത് ദിയോ ആണ് രാജി പ്രഖ്യാപനം നടത്തിയത്. ഓപ്പൺ കോർട്ടിൽ വച്ചാണ് ജസ്റ്റിസ് രോഹിത് ദിയോ രാജി പ്രഖ്യാപനം നടത്തിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലായിരുന്നു സംഭവം.
ആത്മാഭിമാനമാണ് പ്രധാനമെന്നും ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ടാണ് ജഡ്ജി രാജി പ്രഖ്യാപനം നടത്തിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ വെറുതെ വിട്ടതടക്കം സുപ്രധാന വിധികൾ പ്രസ്താവിച്ച ജഡ്ജിയാണ് രോഹിത് ദിയോ. രണ്ടുവർഷം കൂടി കാലാവധി ശേഷിക്കെയാണ് അദ്ദേഹം രാജി വച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഓപ്പൺ കോർട്ടിലെ രാജി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജസ്റ്റിസ് രോഹിത് ദിയോ, വ്യക്തിപരമായ കാരണങ്ങളാൽ ആണ് താൻ രാജിവച്ചതെന്നാണ് പറഞ്ഞത്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പറയാൻ ജസ്റ്റിസ് രോഹിത് ദിയോ തയ്യാറായില്ല.
2017 ജൂൺ 5 ന് ആണ് ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി ഇദ്ദേഹം നിയമിതനായത്. 2019 ഏപ്രിൽ 12 ന് സ്ഥിരം ജഡ്ജിയായും നിയമനം ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും രോഹിത് ദിയോ ഹാജരായിട്ടുണ്ട്. മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറലും ആയും ജസ്റ്റിസ് രോഹിത് ദിയോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2025 ഡിസംബർ 4 ന് ആണ് ജസ്റ്റിസ് രോഹിത് ദിയോ വിരമിക്കേണ്ടിയിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബോംബെ ഹൈക്കോടതിയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ജഡ്ജിയാണ് രോഹിത് ദിയോ.