ജസ്റ്റിസ് മുരളീധറിന്‍റെ യാത്രയയപ്പിന് തിങ്ങി നിറഞ്ഞ സദസ്സ്; യഥാര്‍ത്ഥ ഹീറോയെന്ന് സോഷ്യല്‍മീഡിയ

By Web TeamFirst Published Mar 5, 2020, 8:05 PM IST
Highlights

ഏത് കാര്യത്തിനും ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കാവുന്ന പ്രധാന ജഡ്ജിയെയാണ് നഷ്ടമാകുന്നതെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജഡ്ജി ഡിഎന്‍ പട്ടേല്‍ ചടങ്ങില്‍ പറഞ്ഞു.

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിന്‍റെ യാത്രയയപ്പ് ചടങ്ങിന് തിങ്ങിനിറഞ്ഞ് സദസ്സ്. കോഹിനൂര്‍ രത്നമെന്നാണ് മുരളീധറിനെ ജഡ്ജിമാരും അഭിഭാഷകരും വിശേഷിപ്പിച്ചത്. ഏത് കാര്യത്തിനും ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കാവുന്ന പ്രധാന ജഡ്ജിയെയാണ് നഷ്ടമാകുന്നതെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജഡ്ജി ഡിഎന്‍ പട്ടേല്‍ ചടങ്ങില്‍ പറഞ്ഞു. ദില്ലി ഹൈക്കോടതിയിലെ കോഹിനൂര്‍ രത്നം 100 കിലോമീറ്റര്‍ ദൂരത്തേക്ക് പോകുകയാണെന്ന് ദില്ലി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിജത് പറഞ്ഞു.

നീതി വിജയിക്കേണ്ടി വരുമ്പോള്‍ അത് വിജയിക്കുക തന്നെ ചെയ്യുമെന്നും നമ്മള്‍ സത്യത്തോടൊപ്പം നില്‍ക്കണമെന്നും ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു. നിയമ പഠനം ഞാന്‍ തെരഞ്ഞെടുത്തതല്ല. ഒരു അഭിഭാഷകന്‍റെ മകനൊപ്പം ദിവസവും ക്രിക്കറ്റ് കളിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ ചേമ്പറിലാണ് എന്‍റെ ക്രിക്കറ്റ് ബാഗ് സൂക്ഷിച്ചിരുന്നത്. അങ്ങനെയാണ് നിയമവുമായി അടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ചുമതലയേറ്റെടുക്കാന്‍ താന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച തുടര്‍ച്ചയായ സ്ഥലംമാറ്റ കഥകളും മുരളീധര്‍ ഓര്‍മിച്ചു. നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തെ വരവേറ്റത്. തിങ്ങിനിറഞ്ഞ സദസ്സിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. അപൂര്‍വമായി മാത്രമേ ഇത്തരം യാത്രയയപ്പുകള്‍ ലഭിക്കൂവെന്ന് പലരും അഭിപ്രായപ്പെട്ടു. 

ഫെബ്രുവരി 26നാണ് മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് അര്‍ധരാത്രിയില്‍ സ്ഥലം മാറ്റുന്നത്. ദില്ലി കലാപത്തില്‍ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതിനെയും ജസ്റ്റിസ് മുരളീധര്‍ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം. 

click me!