
ദില്ലി: സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാർ ചുമതലയേറ്റു. ജസ്റ്റിസ് സുധാൻഷു ധൂലിയും ജസ്റ്റിസ് ജെ ബി പർഡിവാലയും ആണ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ ഒഴിവുകളെല്ലാം നികത്തപ്പെട്ടു. സുപ്രീംകോടതിയിൽ ആകെ 34 ജഡ്ജിമാരാണുള്ളത്. 2019ന് ശേഷം ഇതാദ്യമായാണ് സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ അംഗബലം പൂർണതോതിൽ എത്തുന്നത്.
ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ് സുധാൻഷു ധൂലി സുപ്രീംകോടതിയിലേക്കെത്തിയത്. 1960 ഓഗസ്റ്റ് 10ന് ജനിച്ച ജസ്റ്റിസ് ധൂലി ഉത്തരാഖണ്ഡിൽ നിന്ന് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ്. മൂന്നു വർഷത്തിലേറെ കാലാവധി ജസ്റ്റിസ് ധൂലിക്ക് ബാക്കിയുണ്ട്.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നു ജംഷദ് ബുർജോർ പർഡിവാല. സുപ്രീംകോടതി ജഡ്ജിയാകുന്ന നാലാമത്തെ പാർസി സമുദായ അംഗമാണ് ജസ്റ്റിസ് പർഡിവാല. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരാൾ സുപ്രീംകോടതിയിൽ ജഡ്ജിയാകുന്നത്. ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. 1965 ഓഗസ്റ്റ് 12ന് ജനിച്ച ജെ.ബി.പർഡിവാല 1990ൽ ഗുജറാത്ത് ഹൈകോടതിയിൽ നിന്നാണ് അഭിഭാഷകവൃത്തി തുടങ്ങുന്നത്.
നിലവിൽ ജഡ്ജിമാരുടെ എല്ലാ ഒഴിവുകളും നികത്തപ്പെട്ടെങ്കിലും വരും മാസങ്ങളിൽ സുപ്രീംകോടതിയിൽ നിന്ന് കൂടുതൽ ജഡ‍്ജിമാർ പടിയിറങ്ങാൻ ഇരിക്കുകയാണ്. ജസ്റ്റിസ് വിനീത് ശരൺ ഈ മാസവും ജസ്റ്റിസ് എൽ.നാഗേശ്വര റാവു അടുത്ത മാസവും വിരമിക്കും. ജൂലൈ മാസത്തിൽ ജസ്റ്റിസ് എം.എം.ഖാൻവിൽക്കറും പടിയിറങ്ങും. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് യു.യു.ലളിത് എന്നിവരും ഈ വർഷം വിരമിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam