ഉത്തരേന്ത്യയിൽ ഇടതിന്റെ കരുത്താകുമെന്ന് പ്രതീക്ഷിച്ചു; സിപിഐ നേതൃത്വത്തെ ഞെട്ടിച്ച് കനയ്യയുടെ ചുവടുമാറ്റം

By Web TeamFirst Published Sep 27, 2021, 10:38 PM IST
Highlights

ജെഎന്‍യു സമരത്തിലൂടെ ഉയര്‍ന്നുവന്ന വിപ്ലവ തീപന്തമാണ് കനയ്യ. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആസാദി മുദ്രാവാക്യം ചെറുതായൊന്നുമല്ല സർക്കാരിനെ അലോസരപ്പെടുത്തിയത്

ദില്ലി: ഇടതുപക്ഷത്തിന് (Left front) ഉത്തരേന്ത്യയില്‍ (North India)കരുത്തുപകരുമെന്നായിരുന്നു സിപിഐയുടെ (CPI) പ്രതീക്ഷയെങ്കില്‍ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കനയ്യ കുമാര്‍ (Kanhaiya Kumar) വിമതനാവുകയായിരുന്നു. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോള്‍ നേതാക്കളില്ലാതെ വലയുന്ന കോണ്‍ഗ്രസിന് (Congress) ബിഹാറിൽ (Bihar) കിട്ടാവുന്ന നല്ല പിടിവള്ളിയാണ് കനയ്യ. ദളിത് നേതാവ് ജിഗ്നേഷ് മേവാനി എംഎല്‍എ (Jignesh Mevani MLA) കൂടി എത്തിയാല്‍ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. 

ജെഎന്‍യു സമരത്തിലൂടെ ഉയര്‍ന്നുവന്ന വിപ്ലവ തീപന്തമാണ് കനയ്യ. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആസാദി മുദ്രാവാക്യം ചെറുതായൊന്നുമല്ല സർക്കാരിനെ അലോസരപ്പെടുത്തിയത്. പിന്നീട് രാജ്യതലസ്ഥാനം കണ്ട പൗരത്വ പ്രതിഷേധത്തിലടക്കം അലയടിച്ചതും ആസാദി ഗാനമായിരുന്നു. ഷഹീന്‍ബാഗിലടക്കം  നീതിനിഷേധിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കനയ്യ കുമാര്‍ എത്തി. ഈ ഊര്‍ജ്ജം ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉത്തരേന്ത്യയില്‍ ആഴത്തില്‍ വേരോട്ടത്തിന് സഹായിക്കുമെന്നായിരുന്നു സിപിഐ പ്രതീക്ഷ. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വഹക സമിതിയിലേക്ക് അദ്ദേഹത്തിന് അംഗത്വം നൽകിയതും.

എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും നല്‍കി. എന്നാല്‍ അച്ചടക്കമുള്ള പ്രവർത്തകനെ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് മുന്നിൽ കനയ്യയെത്തിയത് പ്രശ്നങ്ങളില്‍ നിരന്തരം കലഹിക്കുന്നയാളായാണ്. തെരഞ്ഞെടുപ്പിലെ ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ്, പാറ്റ്ന ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം അങ്ങനെ പാര്‍ട്ടിയുടെ നെറ്റി ചുളിച്ച സംഭവങ്ങള്‍ നിരവധി. ബിഹാറിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയേ തീരൂവെന്ന  വാശിയും കനയ്യകുമാര്‍ ഉന്നയിച്ചു.

കോണ്‍ഗ്രസുമായി സഹകരിക്കുന്ന ദളിത് നേതാവും  ഗുജറാത്ത് എംഎല്‍എ ജിഗ്നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് സിപിഐക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന ചിന്തയിലേക്ക് കനയ്യയെ നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മധ്യസ്ഥനായി ചര്‍ച്ച നടത്തി. രാഹുല്‍ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടന്നു. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി. അങ്ങനെയാണ് കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

പ്രചാരണം ശക്തമാകുമ്പോഴും പുകഞ്ഞ കൊള്ളി പുറത്തേക്കെന്ന നിലപാട് സിപിഐ കനയ്യയോട് സ്വീകരിച്ചിട്ടില്ല. അനുനയത്തിന് ശ്രമിക്കുന്ന പാർട്ടിക്ക് മുന്നില്‍ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയാക്കണം, തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണം തുടങ്ങിയ കടുത്ത ആവശ്യങ്ങള്‍ കനയ്യ വെച്ചിരുന്നു. എല്ലാം അടുത്ത രണ്ടിന് ചേരുന്ന കൗണ്‍സില്‍ ചര്‍ച്ച ചെയ്യാമെന്നാണ് പാർട്ടി നിലപാട്. എന്നാൽ ആ ചർച്ചയ്ക്ക് കാത്തുനിൽക്കാതെയാണ് കനയ്യ കോൺഗ്രസിലേക്ക് കൂടുമാറുന്നത്.

click me!