കാര്‍ഗില്‍ വിജയ് ദിവസ്; ഇന്ത്യന്‍ ജയത്തിന് 22 വയസ്സ്, രാഷ്ട്രപതിക്ക് ദ്രാസിലേക്ക് പോകാനായില്ല

Published : Jul 26, 2021, 07:30 AM ISTUpdated : Jul 26, 2021, 09:46 AM IST
കാര്‍ഗില്‍ വിജയ് ദിവസ്; ഇന്ത്യന്‍ ജയത്തിന് 22 വയസ്സ്, രാഷ്ട്രപതിക്ക് ദ്രാസിലേക്ക് പോകാനായില്ല

Synopsis

ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്റെ കഥയാണ് കാർഗിലിലേത്

ദില്ലി: കാർഗിൽ യുദ്ധ വിജയത്തിന്‍റെ സ്മരണയിൽ രാജ്യം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈ വർഷത്തെ കാർഗിൽ വിജയ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദ്രാസിലേക്ക് എത്തില്ല. ശ്രീനഗറില്‍ ചിനാര്‍ കോര്‍ ആസ്ഥാനത്ത് ആദരാജ്ഞലി അര്‍പ്പിക്കും.

മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്. ശത്രുസൈന്യത്തെയും പ്രതികൂല കാലാവസ്ഥയെയും തകർത്തെറിഞ്ഞ പോരാട്ടം. ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച സൈനികശക്തി. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്‍റെ കഥയാണ് കാർഗിലിലേത്.

കാര്‍ഗിലെ മലമുകളിൽ അപരിചിതരമായ ആളുകളെ ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാക് ചതി പുറത്തായത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപെടുത്തി. ആട്ടിടയന്മാർ അത് ഇന്ത്യൻ സൈന്യത്തെ അറിയിച്ചു. തിരിച്ചിലിന് പോയ 56 ബ്രിഗേഡിലെ സൈനികര്‍ തിരിച്ചെത്തിയത് രക്തത്തിൽ കുളിച്ച്. രണ്ടാം തിരച്ചിൽ സംഘത്തിലെ നിരവധിപേര്‍ മരിച്ചു. നിരീക്ഷണ പറക്കൽ നടത്തിയ യുദ്ധവിമാനങ്ങൾ പാക് സേന വെടിവെച്ചിട്ടു.  അതിര്‍ത്തിയിൽ യുദ്ധസമാന സാഹചര്യമെന്ന് സൈന്യം തിരിച്ചറിഞ്ഞു. പിന്നാലെ ഓപ്പറേഷന്‍ വിജയ്‌ എന്ന് പേരിട്ട് സൈനിക നടപടി.

മഞ്ഞുകാലത്ത് മലമുകളിൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിൻവാങ്ങും. അത് മുതലെടുത്താണ് 1999 ഏപ്രിൽ മാസത്തിന് ശേഷം നിയന്ത്രണരേഖ കടന്ന് പതിനഞ്ച് കിലോമീറ്ററോളും ദൂരം പാക് സൈന്യം എത്തിയത്. കാര്‍ഗിൽ ജില്ലയിലെ  ദ്രാസിലൂടെ കടന്നുപോകുന്ന ശ്രീനഗര്‍-ലേ ദേശീയപാതക്ക് അരികിലെ ടൈഗർ ഹിൽ, തോലോലിംഗ് മലനിരകളിൽ പാക് സൈന്യം താവളമുറപ്പിച്ചു.

മലമുകളിൽ പാക് സൈന്യവും താഴെ ഇന്ത്യൻ സൈന്യവും. തുടക്കത്തിൽ എല്ലാ പ്രതിരോധ നീക്കങ്ങളും പരാജയപ്പെട്ടു. ജൂണ്‍ മാസത്തോടെ പ്രത്യാക്രമണം ശക്തമാക്കി. ബോഫേഴ്സ് പീരങ്കികൾ ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിച്ചു. 250000 ഷെല്ലുകളാണ് ട്രൈഗര്‍ ഹിൽ, തോലോലിംഗ്, ബട്ടാലിക് മലകൾ തിരിച്ചുപിടിക്കാൻ ബോഫേഴ്സ് പീരങ്കികൾ തൊടുത്തത്. രാവും പകലുമില്ലാത്ത പോരാട്ടം. ജീവൻ വെടിയാൻ സന്നദ്ധരായി മലമുകളിൽ വലിഞ്ഞു കയറിയ ഇന്ത്യയുടെ ധീരൻമാർ പാക് ബങ്കറുകൾ ഓരോന്നായി തകർത്തു.  ഒടുവിൽ തോലിംഗും ട്രൈഗർ  ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. മലമുകളിൽ ത്രിവര്‍ണ പതാക പാറിച്ചു.

72 ദിവസത്തോളം നീണ്ട പോരാട്ടത്തിൽ രാജ്യത്തിനായി  വീരമൃത്യു വരിച്ചത്  527 ജവാന്മാർ.1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്‍റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തിന്‍റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാർഗിലിലെ യുദ്ധവിജയം. 22 വർ‍ഷങ്ങൾക്കിപ്പുറം ധീരസൈനികരുടെ ഓ‌ർമ്മ പുതുക്കുകയാണ് രാജ്യം ഈ ദിവസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു