
ബംഗളൂരു: ബുധനാഴ്ചയായിരുന്നു കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഇപ്പോഴിതാ, ബിജെപി പ്രവർത്തകർ സമ്മാനിച്ച സാരികൾ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വോട്ടെടുപ്പ് ദിവസം രാവിലെയാണ് സ്ത്രീകൾ ബിജെപി നേതാവിന്റെ വീട്ടിലെത്തി സാരികൾ വലിച്ചെറിഞ്ഞതും ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കിയതും.
മാണ്ഡ്യയിലെ കെ ആർ പേട്ട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി കെ സി നാരായണഗൗഡയുടെ അനുയായികൾ നൽകിയ സാരികളാണ് അദ്ദേഹത്തിന്റെ ഒരു അനുയായിയുടെ വീട്ടിലെത്തി വോട്ടർമാർ ഉപേക്ഷിച്ചത്. കെ ആർ പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം. സാരികൾക്കൊപ്പം ചിക്കനും വോട്ടർമാർക്ക് നൽകിയിരുന്നു. സംഭവത്തിൽ നാരായണഗൗഡയോ ബി ജെ പി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കോൺഗ്രസ് പ്രവർത്തകർ സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ നിവധി പേരാണ് റീട്വീറ്റ് ചെയ്യുന്നത്.
2018ലെ തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷൻ കമലയിലൂടെയാണ് ബിജെപിയിലെത്തിയത്. പിന്നീട് 2019ലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതൽ നാരായണഗൗഡ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കെആർപേട്ട്. ഇത്തവണയും ഇവിടെ ജനവിധി തനിക്ക് അനുകൂലമാകുമെന്ന ഉറച്ചപ്രതീക്ഷയിലാണ് നാരായണഗൗഡ.
Read Also: പ്രതീക്ഷയോടെ കോൺഗ്രസ്, ആത്മവിശ്വാസം കൈവിടാതെ ബിജെപി; കർണാടകയിൽ നാളെ വോട്ടെണ്ണൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam