
ബെംഗളൂരു: കർണാടക ബിജെപിയിലെ ഭിന്നത പരസ്യമാക്കി ബിജെപി നേതാവിൻ്റെ പ്രസ്താവന. യെദ്യൂരിയൂരപ്പ അധികകാലം കർണാടക മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്നും അദ്ദേഹത്തെ മാറ്റാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ബസനഗൗഡ യെത്നാൽ പറഞ്ഞു.
യെദ്യൂരിയപ്പയ്ക്ക് പകരം ഉത്തര കർണാടകയിൽ നിന്നുള്ള ഒരു നേതാവായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും ബിജെപിയുടെ ഭൂരിപക്ഷം എംഎൽഎമാരും ഉത്തര കർണാടക മേഖലയിൽ നിന്നായതിനാൽ അടുത്ത മുഖ്യമന്ത്രിയും ഇവിടെ നിന്നായിരിക്കുമെന്നും ബസനഗൗഡ പാർട്ടി പരിപാടിയിൽ പറയുന്നു.
കർണാടക മന്ത്രിസഭയിൽ പ്രാദേശിക സന്തുലനം ഉറപ്പു വരുത്തണമെന്നും ഉത്തര കർണാടകയിൽ നിന്നുള്ള കൂടുതൽ എംഎൽഎമാരെ മന്ത്രിസഭയിൽ ചേർക്കണമെന്നും നേരത്തെ ബസനഗൗഡ യെദ്യൂരിയപ്പയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ അടക്കമുള്ളവർ ബസനഗൗഡയുടെ അഭിപ്രായം തള്ളി രംഗത്തെത്തി.
77-കാരനായ യെദ്യൂരിയപ്പയെ മാറ്റി ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള മറ്റൊരാളെ കർണാടക മുഖ്യമന്ത്രിയാക്കണമെന്ന വികാരം സംസ്ഥാന ബിജെപി നേതൃത്വത്തിനിടയിൽ ശക്തമാണ്. അതേസമയം കർണാടകയിൽ അധികാരം പിടിക്കാൻ മുന്നിൽ നിന്ന യെദ്യൂരിയപ്പയെ മുഖ്യമന്ത്രി കസേരയിൽ നിന്നും മാറ്റിയാൽ ഉണ്ടാവുന്ന പ്രത്യാഘാതം കേന്ദ്ര നേതൃത്വത്തിനും ബോധ്യമുണ്ട്. യെദ്യൂരിയപ്പ മകനെ പിൻഗാമിയാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ബിജെപി നേതാക്കൾക്കിടയിൽ ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam