
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കാൻ ബിജെപി 50 കോൺഗ്രസ് എംഎൽഎമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. നരസിപുര നിയോജക മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.
"ബിജെപി എന്‍റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചു. ഓരോ എംഎൽഎക്കും 50 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50 എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തു. ഈ പണം എവിടെ നിന്ന് വരുന്നു? ബിഎസ്‌വൈ (ബിഎസ് യെദ്യൂരപ്പ)യും (ബസവരാജ) ബൊമ്മൈയും നോട്ടുകൾ അച്ചടിക്കുന്നുണ്ടോ? ഇത് അഴിമതി പണമാണ്. അവരുടെ കയ്യിൽ കോടികളുണ്ട്, അവർ ഇത് ഉപയോഗിച്ച് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു. ഞങ്ങളുടെ എംഎൽഎമാർ വഴങ്ങിയില്ല. അതിനാൽ അവർ എന്നെ കളങ്കിതനെന്ന് മുദ്ര കുത്തി നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്"- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
അതിനിടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരണ്ടികൾ നടപ്പാക്കിയതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ പദ്ധതികൾ അഞ്ച് വർഷത്തേക്ക് നിർത്തില്ല. 2024-25 ബജറ്റിൽ വികസന പ്രവർത്തനങ്ങൾക്കായി 1.20 ലക്ഷം കോടി വകയിരുത്തി. അതിൽ 56,000 കോടി രൂപ വാഗ്ദാനങ്ങൾ നടപ്പാക്കാനും 60,000 കോടിയിലധികം വികസന പ്രവർത്തനങ്ങൾക്കുമാണ് മാറ്റിവെച്ചതെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam