
ബംഗളൂരു: ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് സാധ്യത തെളിയുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചതായാണ് വിവരം. വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭ പുനസംഘടനയിലൂടെ കഴിയുമെന്നാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പ്രതീക്ഷ. അതേസമയം, സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു.
രാജി വച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്. ഇതിന്‍റെ ഭാഗമാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമുള്ള കോണ്‍ഗ്രസ് മന്ത്രിമാരുടെ രാജി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ രാജിക്കത്ത് പാര്‍ട്ടിക്ക് കൈമാറിയത്. മുഖ്യമന്ത്രി കുമാരസ്വാമിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജെഡിഎസ് മന്ത്രിമാരും രാജി വെക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യോഗത്തിന് ശേഷം പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ എച്ച് നാഗേഷ് കൂടി രാജി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്‍റെ നില പരുങ്ങലിലായിരിക്കുകയാണ്. ഇപ്പോള്‍ സഭയിലെ കോണ്‍ഗ്രസ്-ജെഡിഎസ് അംഗബലം 105 ആണ്. ബിജെപിക്ക് 106 അംഗങ്ങളുണ്ട്. കേവലഭൂരിപക്ഷത്തിന് 106 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പ്രതികരിച്ചിരിക്കുന്നത്.
മന്ത്രിസഭ പുനസംഘടനയിലുള്‍പ്പെടുത്തി വിമത എംഎല്‍എമാരെ അനുനയിപ്പിക്കാമെന്നും ഭരണം നിലനിര്‍ത്താമെന്നുമാണ് കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും പ്രതീക്ഷ. വിമത എംഎല്‍എമാര്‍ മുംബൈയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam