
ബെംഗലൂരു: കർണാടകത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അവസാന നിമിഷം വരെ സസ്പെൻസ് ഒളിച്ചുവെക്കുകയാണ് സ്വിങ് സീറ്റുകൾ. വളരെ ചെറിയ ലീഡ് മാത്രം നിലനിർത്തുന്ന 41 മണ്ഡലങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തെ അടുത്ത ഭരണം ആർക്കെന്ന് തീരുമാനിക്കുന്നത്. ഏറ്റവും ഒടുവിലെ വിവരം ലഭിക്കുമ്പോൾ 41 ഇടത്ത് ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.
ഇതിൽ 19 മണ്ഡലങ്ങളിൽ ബിജെപിയാണ് മുന്നിൽ. 16 മണ്ഡലങ്ങളിൽ കോൺഗ്രസും ആറിടത്ത് ജെഡിഎസുമാണ്. സ്വിങ് സീറ്റുകൾ ഏത് നിമിഷവും ലീഡ് മാറാൻ സാധ്യതയുള്ള മണ്ഡലങ്ങളായതിനാൽ ഇവിടങ്ങളിലെ വോട്ടെണ്ണൽ അവസാന റൗണ്ട് വരെ ഉറ്റുനോക്കപ്പെടുന്നവയാണ്. നിലവിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം സ്വിങ് സീറ്റുകളിൽ ഉണ്ട്.
Read More: ലീഡ് നില മാറിമറിയുന്നു; ജെഡിഎസ് പിന്തുണ തേടുന്നതിൽ കോൺഗ്രസിന് മനംമാറ്റം
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് 2018-ൽ 74 സീറ്റുകളിൽ 10,000-ത്തിൽ താഴെ ഭൂരിപക്ഷമായിരുന്നു വിജയിച്ച സ്ഥാനാർഥിക്ക് കിട്ടിയത്. ഇതിൽ കോൺഗ്രസ് 37 സീറ്റിലും, ബിജെപി 27 ഇടത്തും, ജെഡിഎസ് 10 മണ്ഡലങ്ങളിലും വിജയിച്ചു. എന്നാൽ ആയിരം വോട്ടിന് താഴെ ഭൂരിപക്ഷം വന്നത് വെറും അഞ്ച് നിയമസഭാ സീറ്റുകളിൽ മാത്രമായിരുന്നു. മസ്കി, പാവ്‍ഗദ, ഹിരേകേരൂർ, കുണ്ട്‍ഗോൽ, അലന്ദ് എന്നിവയായിരുന്നു ആ സ്വിങ് സീറ്റുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 സീറ്റുകൾ 5000-ത്തിന് താഴെ ഭൂരിപക്ഷത്തിൽ ജയിച്ചവരായിരുന്നു. ഇതിൽ 18-ഉം കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു. 104 സീറ്റുകൾ ബിജെപിക്ക് ലഭിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ടായിരുന്നു. കോൺഗ്രസ് ജയിച്ച 80 സീറ്റിൽ 42 പേർക്കായിരുന്നു പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷം നേടാനായത്.