കർണാടക തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി യോ​ഗം ഇന്ന്

Published : Apr 08, 2023, 06:39 AM ISTUpdated : Apr 08, 2023, 06:40 AM IST
കർണാടക തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി യോ​ഗം ഇന്ന്

Synopsis

ബോർഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും യോഗത്തിൽ പങ്കെടുക്കും. യുഎസ് പ്രൈമറി തെരഞ്ഞെടുപ്പിന് സമാനമായാണ് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക ബിജെപി തയ്യാറാക്കിയിരിക്കുന്നത്.  

ബം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപി പാർലമെന്‍ററി ബോർഡ് യോഗം ഇന്ന് ദില്ലിയിൽ ചേരും. ബോർഡ് അംഗമായ ബി എസ് യെദിയൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും യോഗത്തിൽ പങ്കെടുക്കും. യുഎസ് പ്രൈമറി തെരഞ്ഞെടുപ്പിന് സമാനമായാണ് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക ബിജെപി തയ്യാറാക്കിയിരിക്കുന്നത്.

സ്ഥാനാർഥി നിർണയത്തിന് കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു രീതിയാണ് ഇത്തവണ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രൈമറികളുടെ മാതൃകയിൽ രഹസ്യബാലറ്റിലൂടെയാണ് സ്ഥാനാർ‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മാർച്ച് 31-ന് ഓരോ മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ആരാകണമെന്നതിൽ നിരീക്ഷകരും പ്രാദേശിക ഭാരവാഹികളും അടക്കമുള്ളവർ പങ്കെടുത്ത വോട്ടെടുപ്പ് നടന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടിക ഓരോ മണ്ഡലങ്ങളിലും തയ്യാറാക്കി. പിന്നീട് ഏപ്രിൽ 1,2 തീയതികളിൽ ബെംഗളുരുവിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഈ ചുരുക്കപ്പട്ടികയിൻമേൽ ചർച്ച നടന്നു. അപ്പോഴും 2019-ൽ കൂറ് മാറിയെത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ തർക്കം തുടർന്നു. 

ഓപ്പറേഷൻ താമരയ്ക്ക് ചുക്കാൻ പിടിച്ച രമേശ് ജർക്കിഹോളി അടക്കമുള്ളവർ തനിക്കൊപ്പം മറുകണ്ടം ചാടിയെത്തിയവർക്ക് സീറ്റ് നൽകിയേ തീരൂ എന്ന പിടിവാശിയിലാണ്. തൽക്കാലം ഈ എംഎൽഎമാർക്ക് എംഎൽസി സ്ഥാനം നൽകി പ്രശ്നമൊതുക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. നാളെയോ മറ്റന്നാളോ ആയി പട്ടിക പുറത്ത് വരുമെന്ന് ദില്ലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സ്ഥിരീകരിക്കുന്നു.  പ്രാദേശിക തലത്തിലടക്കം വിശദമായ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷമാണ് ബിജെപിയുടെ സ്ഥാനാ‍ർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നത്. 

രണ്ട് ഘട്ടമായിട്ടാകും ബിജെപി പട്ടിക വരിക. ആദ്യപട്ടികയിൽ 124 സ്ഥാനാർഥികളുണ്ടാകും എന്നാണ് സൂചന. രണ്ടാംഘട്ട പട്ടിക ഏപ്രിൽ 13-ന് പ്രതീക്ഷിക്കാം. ത‍ർക്കമുള്ള സീറ്റുകളിൽ അന്തിമതീരുമാനം ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേരുന്ന പാർലമെന്‍ററി ബോർഡിന്‍റേതാകും.

Read Also: ട്രെയിൻ തീവയ്പ്പിൽ ഗൂഢാലോചനയുണ്ടോ? വ്യക്തത വരുത്താൻ അന്വേഷണസംഘം, ഷാറൂഖ് സെയ്ഫിയുടെ ചോദ്യംചെയ്യൽ ഇന്നും തുടരും

 

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്